
മസ്തകത്തിൽ പരിക്കേറ്റ ആനയെ കോടനാട്ടെത്തിച്ചു; വിദഗ്ധ ചികിത്സ നൽകുമെന്ന് മന്ത്രി
|ഡോക്ടർമാർ പരിശോധിച്ച് കൂടുതൽ ചികിത്സ നടപടികൾ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
തൃശൂര്‍: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ ചികിത്സക്കായി കോടനാട്ടെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ അതിരപ്പള്ളിയിൽ നിന്നും നൽകി. മയക്കുവെടി ഏറ്റതിന് പിന്നാലെ ആന വീണത് ആശങ്ക പടർത്തിയെങ്കിലും നിലവിൽ ആനയുടെ ആരോഗ്യനില തൃപ്തികരമാണ്.
കോടനാട് തയാറാക്കിയ കൂട്ടിൽ ആനയെ കയറ്റി. മയക്കുവെടി വച്ച ആനയെ കുംകിയാനകളുടെ സഹായത്തോടെയാണ് അതിരപ്പള്ളിയിൽ നിന്ന് ലോറിയിലേക്ക് കയറ്റിയത്. ആനയുടെ ആരോഗ്യസ്ഥിതിയിൽ കുഴപ്പമെന്നും ഇല്ലെന്ന് വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി പറഞ്ഞു. ഡോക്ടർമാർ പരിശോധിച്ച് കൂടുതൽ ചികിത്സ നടപടികൾ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ദൗത്യം പൂര്‍ണവിജയം എന്ന് പറയാനായിട്ടില്ലെന്ന് ഡോ.അരുൺ സക്കറിയ പറഞ്ഞു. ആന ആരോഗ്യവാനായാലെ വിജയം എന്ന് പറയാനാകൂ. ഒരടിയോളം ആഴമുള്ള മുറിവാണ് . ഒന്നര മാസം തുടർച്ചയായി ചികിത്സ വേണ്ടിവരും . ആദ്യം നൽകിയ ചികിത്സ ഫലം കണ്ടിരുന്നു പുഴു കയറി വീണ്ടും ഇൻഫെക്ഷൻ ആയതാണ് . ഇന്ന് ആന മയങ്ങി വീണത് ഗുണം ചെയ്തു. പഴുപ്പ് പൂർണമായും നീക്കാനായി. ഇപ്പോൾ മയക്കം വിട്ടുമാറുന്നു.ആനകൾ പരസ്പരം ഏറ്റുമുട്ടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.