< Back
Kerala
ഐ.എൻ.എൽ വീണ്ടും പിളര്‍പ്പിലേക്ക്; വിട്ടുവീഴ്ച ചെയ്യാതെ കാസിം-വഹാബ് പക്ഷങ്ങൾ
Kerala

ഐ.എൻ.എൽ വീണ്ടും പിളര്‍പ്പിലേക്ക്; വിട്ടുവീഴ്ച ചെയ്യാതെ കാസിം-വഹാബ് പക്ഷങ്ങൾ

Web Desk
|
25 Jan 2022 7:26 AM IST

പ്രതിനിധികളെ തീരുമാനിച്ച് കഴിഞ്ഞുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വിശദീകരിക്കുമ്പോൾ തർക്കം തുടരുകയാണെന്ന നിലപാട് സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബ് മീഡിയവണിനോട് തുറന്ന് പറഞ്ഞു

ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങൾ വീതംവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം മൂലം ഐ.എൻ.എൽ വീണ്ടും പിളർപ്പിലേക്ക്. പ്രതിനിധികളെ തീരുമാനിച്ച് കഴിഞ്ഞുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വിശദീകരിക്കുമ്പോൾ തർക്കം തുടരുകയാണെന്ന നിലപാട് സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബ് മീഡിയവണിനോട് തുറന്ന് പറഞ്ഞു. സംസ്ഥാന പ്രവർത്തക സമിതി യോഗം വിളിക്കാൻ കാസിം പക്ഷം ശ്രമിക്കുമ്പോൾ കൗൺസിൽ യോഗം വിളിക്കാനാണ് വഹാബിനൊപ്പമുള്ളവരുടെ നീക്കം.

തൃശൂര്‍ സീതാറാം മിൽസ് ചെയർമാൻ സ്ഥാനത്തേക്ക് സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫിനെ നിയമിക്കാനാണ് കാസിം പക്ഷം തീരുമാനിച്ചത്. ഇത് അംഗീകാരിക്കാൻ തയ്യാറാകാത്ത വഹാബിനൊപ്പമുള്ളവർ സെക്രട്ടേറിയേറ്റ് അംഗം എൻ.കെ അബ്ദുൽ അസീസിന്‍റെ പേര് മുന്നോട്ട് വെച്ചു. ഇതോടെ പാർട്ടിക്ക് കിട്ടിയ മറ്റ് ബോർഡുകളിലേക്കുള്ള അംഗങ്ങളെയും തീരുമാനിക്കാൻ കഴിഞ്ഞില്ല. ചർച്ചകൾ എങ്ങുമെത്തിയില്ലെങ്കിലും എല്ലാം തീരുമാനിച്ച് കഴിഞ്ഞുവെന്നാണ് മന്ത്രി പറയുന്നത്.

അടുത്തിടെ പ്രശ്നങ്ങളുണ്ടായപ്പോൾ മധ്യസ്ഥനായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ വഹാബ് പക്ഷം സമീപിച്ചെങ്കിലും ഇടപെടാനില്ലെന്ന നിലപാടാണ് എടുത്തത്. മധ്യസ്ഥ ചർച്ചയിലെ തീരുമാനങ്ങൾ ഒരു വിഭാഗം തുടർച്ചയായി ലംഘിക്കുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന നിലപാടിലാണ് കാന്തപുരം.



Related Tags :
Similar Posts