
വേദനകൾക്കിടയിലും ജീവിതത്തിന്‍റെ രുചിക്കൂട്ടൊരുക്കി ഹനീഫ
|വാഹനാപകടത്തോടെയാണ് ഹനീഫയുടെ ജീവിതം പ്രതിസന്ധിയിലായത്
കാസര്‍കോട്: വേദന സഹിച്ചു ജീവിക്കാനല്ല, പ്രതിസന്ധികളോട് പൊരുതി ജീവിതം അടയാളപ്പെടുത്താൻ നമുക്ക് പ്രചോദനമാവുകയാണ് കാഞ്ഞങ്ങാട് ഒരു യുവാവ്. ഒന്‍പത് വർഷം മുൻപ് ഖത്തറിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സുഷുംന നാഡിക്ക് പരിക്കേറ്റ് കിടപ്പിലായ ആവിയിലെ ഹനീഫയാണ് വേദനകൾക്കിടയിലും ജീവിതത്തിന്‍റെ രുചിക്കൂട്ടൊരുക്കുന്നത്.
ഹനീഫ ഖത്തറിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായിരുന്നു. ജീവിതം മെച്ചപ്പെട്ടു വന്ന കാലം. 2013ൽ ഖത്തറിലെ മദീനത്തുൽ മുറാഅ എന്ന സ്‌ഥലത്തു വെച്ചുണ്ടായ വാഹനാപകടത്തോടെയാണ് ജീവിതം പ്രതിസന്ധിയിലായത്. സുഷുംന നാഡിക്ക് പരിക്കേറ്റതോടെ പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ കഴിയാതെയായി.
പ്രതിസന്ധികൾക്കിടയിലും സ്വന്തമായി ജീവിതത്തിലെന്തെങ്കിലും ചെയ്യാനാവണമെന്ന ആഗ്രഹത്താൽ വർഷങ്ങൾക്ക് മുൻപ് ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. പക്ഷേ അത് വിജയിച്ചില്ല. വലിയൊരു തുക നഷ്ടവും സംഭവിച്ചു. പിന്നീട് ഇലക്ട്രിക് ഉത്പന്നങ്ങളുടെ വില്‍പ്പന തുടങ്ങി. കോവിഡ് വന്നതോടെ അതും പൂട്ടി. പ്രതീക്ഷയോടെ തുടങ്ങിയ സംരംഭങ്ങളെല്ലാം നഷ്ടമായപ്പോഴും ഹനീഫ പ്രതീക്ഷ കൈവിട്ടില്ല. സ്വന്തമായി വീട്ടിൽ അച്ചാറുണ്ടാക്കി വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ് ഇപ്പോൾ ഹനീഫ. ഭാര്യയും ഉമ്മയും സഹായത്തിനായി ഹനീഫയുടെ കൂടെയുണ്ട്. കൂട്ടുകാരും പിന്തുണ നൽകുന്നു.