< Back
Kerala
Madayi college issue
Kerala

മാടായി നിയമന വിവാദം; കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു, കൂടുതൽ രാജിക്കും പ്രതിഷേധങ്ങൾക്കും സാധ്യത

Web Desk
|
10 Dec 2024 1:08 PM IST

നിയമനത്തിൽ രാഘവന് തെറ്റ് പറ്റിയെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഡിസിസി നേതൃത്വം

കണ്ണൂര്‍: കണ്ണൂർ മാടായി കോളജിലെ നിയമന വിവാദത്തെ ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കണ്ണൂർ ഡിസിസി നേതൃത്വത്തോട് ഇടഞ്ഞ എം.കെ രാഘവൻ എംപി , തനിക്കെതിരായ പടയൊരുക്കത്തിന് പിന്നിൽ കെ. സുധാകരനെന്നാണ് പറയാതെ പറഞ്ഞത്. നിയമനത്തിൽ രാഘവന് തെറ്റ് പറ്റിയെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഡിസിസി നേതൃത്വം. ജില്ലയിൽ കൂടുതൽ രാജിക്കും പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.

നിയമന വിവാദത്തെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ അണികളിൽ നിന്ന് നേതൃത്വത്തിലേക്ക് പടരുകയാണ്. നിയമനങ്ങളിൽ എം കെ രാഘവന് വീഴ്ച പറ്റിയെന്ന നിലപാടിൽ കണ്ണൂർ ഡിസിസി നേതൃത്വം ഉറച്ചു നിൽക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രാദേശിക പ്രതിഷേധങ്ങളെ കണ്ടില്ലന്ന് നടിക്കാനാവില്ല.അതുകൊണ്ട് തന്നെ 5 ഭരണ സമിതി അംഗങ്ങൾക്കെതിരായ അച്ചടക്ക നടപടിയിൽ നിന്ന് പിന്നോട്ടില്ലന്നതാണ് ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജിന്‍റെ നിലപാട്.എന്നാൽ തനിക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടന്നാണ് രാഘവന്‍റെ വിശ്വാസം.

കെപിസിസി അധ്യക്ഷന്‍റെ സ്വന്തം ജില്ലയിൽ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നിൽ സുധാകരൻ തന്നെയെന്ന് പറയാതെ പറയുകയാണ് രാഘവൻ. ഒപ്പം കെ.സി വേണുഗോപാലിന്‍റെ പിന്തുണയുറപ്പിക്കാനും രാഘവന്‍റെ ശ്രമം.അതിനിടെ നിയമന വിവാദത്തിൽ ജില്ലയിൽ പ്രതിഷേധം ശക്തമാവുകയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജിൻ മോഹൻ, ഉൾപ്പെടെ നിരവധി പേർ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. വൈകിട്ട് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി എം.കെ രാഘവന്‍റെ പയ്യന്നൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



Similar Posts