
ബിജെപി കൗൺസിലറുടെ ആത്മഹത്യ: 'തിരുമല അനിൽ പ്രസിഡൻറായിരുന്ന സഹകരണ സംഘത്തിൽ നടന്നത് വ്യാപക ക്രമക്കേട്'; അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ
|ചട്ടവിരുദ്ധമായി വായ്പ നൽകിയതിലൂടെ 2.54 കോടി കുടിശ്ശികയായെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: ആത്മഹത്യചെയ്ത ബിജെപി കൗൺസിലർ തിരുമല അനിൽ പ്രസിഡന്‍റായിരുന്ന സഹകരണ സംഘത്തിൽ നടന്നത് വ്യാപക ക്രമക്കേട്.സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെച്ചു. ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിന്‍റെ ആസ്തിയും ബാധ്യതകളും തമ്മിൽ ഒരു കോടിയുടെ അന്തരമുണ്ട്. സി ക്ലാസ് അംഗങ്ങൾക്ക് വഴിവിട്ട് വായ്പ അനുവദിച്ചു. ചട്ടവിരുദ്ധമായി വായ്പ നൽകിയതിലൂടെ 2.54 കോടി കുടിശ്ശികയായെന്നും റിപ്പോർട്ടിൽ പറയുന്നു.
ബെനാമി വായ്പകൾ അനുവദിച്ചിട്ടില്ലെന്നും അനധികൃത നിയമനങ്ങൾ നടത്തിയെന്ന കണ്ടെത്തലും അന്വേഷണ റിപ്പോർട്ടിലുണ്ട്.സംഘത്തിന്‍റെ പ്രതിമാസ നിക്ഷേപ പദ്ധതിയിലും വൻ കുടിശ്ശികയാണുള്ളത്. 2021ലെ അന്വേഷണ റിപ്പോർട്ട് സഹകരണ മന്ത്രി സഭയിൽ വച്ചു.
ക്രമക്കേടില്‍ ആകെ നഷ്ടം ഒരുകോടി 18 ലക്ഷം രൂപയെന്നും സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു.ശമ്പളം നൽകിയതിലും ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. പ്രതിമാസ നിക്ഷേപത്തിൽ നിന്ന് നാല് കോടിയോളം രൂപയുടെ കുടിശ്ശികയും കണ്ടെത്തിയിട്ടുണ്ട്. പ്രസിഡന്റ് അഡ്വാൻസ് ആയി എടുത്ത മൂന്ന് ലക്ഷം രൂപം തിരികെ അടക്കാനുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
അതേസമയം, തിരുമല അനിലിന്റെ ആത്മഹത്യയിൽ അന്വേഷണത്തിന് പ്രത്യേക സംഘം. തിരുവനന്തപുരം കൻ്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സഹകരണ സംഘത്തിന്റെ സാമ്പത്തിക ഇടപാടുകളും സംഘം അന്വേഷിക്കും. ബാങ്കിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പലിശ നൽകി എന്നുള്ളതാണ് പ്രധാന ക്രമക്കേട്.