< Back
Kerala
 ശബരിമലയിൽ സ്വർണം എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ? ചോദ്യവുമായി സുപ്രിംകോടതി
Kerala

 ശബരിമലയിൽ സ്വർണം എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ? ചോദ്യവുമായി സുപ്രിംകോടതി

Web Desk
|
24 Feb 2026 12:27 PM IST

പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം

ഡൽഹി: ശബരിമലയിൽ സ്വർണം എന്തെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന് സുപ്രിംകോടതി. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. അപ്പീൽ മാർച്ച് ഒൻപതിന് പരിഗണിക്കാൻ മാറ്റി.

കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. ദ്വാരപാലക ശില്പ കേസിലാണ് പത്മകുമാറിനെ 14 ദിവസത്തേയ്ക്ക് കൂടി കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത് . തന്ത്രി കണ്ഠരര് രാജീവര് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കും. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ ആവശ്യപ്പെടുക.

അതേസമയം ശബരിമലയിൽ പുതിയ കൊടിമരത്തിൻ്റെ നിർമ്മാണത്തിന് സ്വർണം നൽകിയവരുടെ മൊഴിയെടുക്കുന്നത് തുടരുന്നു. സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരുടെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കൊടിമര നിർമാണത്തിന് 27 പേരാണ് സ്വർണം നൽകിയതായി ഔദ്യോഗികമായി രേഖയിൽ ഉള്ളത്. ഇവരുടെ മൊഴി ഈയാഴ്ചയോടെ രേഖപ്പെടുത്താനാണ് നീക്കം.

കൊടിമര നിർമാണത്തിന് ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മീഷണർ കുറുപ്പിന്‍റെ മൊഴിയും വൈകാതെ രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പിനെകുറിച്ച് വിവരം ലഭിച്ചാൽ കേസെടുത്തു മുന്നോട്ടു പോകാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം.



Similar Posts