< Back
Kerala
മാട്ടൂലിലെ മുഹമ്മദ് ചേര്‍ത്തുപിടിച്ചു, കുഞ്ഞുഇശലിന് തുക കൈമാറിയേക്കും; സന്തോഷം പങ്കുവെച്ച് ലക്ഷദ്വീപ് എം.പി
Kerala

'മാട്ടൂലിലെ മുഹമ്മദ് ചേര്‍ത്തുപിടിച്ചു, കുഞ്ഞുഇശലിന് തുക കൈമാറിയേക്കും'; സന്തോഷം പങ്കുവെച്ച് ലക്ഷദ്വീപ് എം.പി

ijas
|
12 Aug 2021 8:25 PM IST

ഇന്നലെ കണ്ണൂര്‍ മാട്ടൂൽ കെ.എം.സി.സി ഹാളിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചത്

സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച ലക്ഷദ്വീപില്‍ നിന്നുള്ള കുഞ്ഞുഇശലിന് കണ്ണൂരിലെ മാട്ടൂലില്‍ നിന്നുള്ള മുഹമ്മദിന്‍റെ ചികിത്സാ നിധിയില്‍ നിന്നും സഹായം നല്‍കിയേക്കും. മാട്ടൂൽ മുഹമ്മദിന്‍റെ ചികിത്സാ കമ്മിറ്റിയുമായി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. ഇന്നലെ കണ്ണൂര്‍ മാട്ടൂൽ കെ.എം.സി.സി ഹാളിൽ വെച്ച് നടത്തിയ ചർച്ചയിലാണ് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചത്. അനുഭാവപൂർവം പരിഗണിക്കാമെന്നും നൽകാൻ ഉദ്ദേശിക്കുന്ന തുകയുടെ കണക്ക് പിന്നീട് അറിയിക്കാമെന്നും കമ്മിറ്റി അറിയിച്ചതായി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഹമ്മദ് ഫൈസല്‍ എം.പി ഇക്കാര്യം അറിയിച്ചത്.

ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലെ നാസറിന്‍റെയും ജസീറയുടെയും ഏക മകളായ ഇശല്‍ മറിയമിന് അഞ്ച് മാസമാണ് പ്രായം. എസ്.എം.എ ബാധിതയായ കുരുന്നിന് 16 കോടി രൂപയുടെ മരുന്ന് ആണ് ചികിത്സക്ക് വേണ്ടത്. ഇതില്‍ 9 കോടി രൂപയുണ്ടെങ്കില്‍ തല്‍ക്കാലം ചികിത്സ തുടങ്ങിവെക്കാനാകും. ചികിത്സാ നിധിയില്‍ ഇതിനകം മൂന്ന് കോടി രൂപയിലധികമാണ് ലഭിച്ചത്. ഇനിയും 12 കോടി രൂപയിലധികം ചികിത്സക്കായി സമാഹരിക്കേണ്ടതായുണ്ട്.

ഇശലിനെ ഇനിയും സഹായിക്കാം:

അക്കൗണ്ട് വിവരങ്ങൾ - NAZAR PK - 915010040427467 - AXIS BANK - HENNUR BRANCH - IFSC - UTIB0002179 GPAY - 8762464897


ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇശൽ മറിയത്തിന്‍റെ ചികിത്സാ സഹായാർത്ഥം, മാട്ടൂൽ മുഹമ്മദിന്‍റെ ചികിത്സാ കമ്മിറ്റിയുമായി ഇന്നലെ മാട്ടൂൽ കെ.എം.സി.സി ഹാളിൽ വെച്ച് ചർച്ച നടത്തി. മുഹമ്മദ്‌ മോന്‍റെ ചികിത്സയിൽ നിന്നും മിച്ചം വന്ന തുക ഇശൽ മറിയത്തിന്‍റെ ചികിത്സക്കായി നൽകണമെന്ന് കമ്മിറ്റിയോട് അഭ്യർത്ഥിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്മിറ്റി അറിയിച്ചു. നൽകാൻ ഉദ്ദേശിക്കുന്ന തുകയുടെ കണക്ക് പിന്നീട് അറിയിക്കാമെന്നും പറഞ്ഞു. ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം 16 കോടി രൂപ സ്വരൂപിക്കുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു ദൗത്യം തന്നെയായിരുന്നു. മാട്ടൂൽ പഞ്ചായത്തിന്‍റെയും മുഹമ്മദ് ചികിത്സാ കമ്മിറ്റിയുടെയും സുമനസ്സിന് ലക്ഷദ്വീപിന്‍റെ നന്ദിയും സ്നേഹവും.

Similar Posts