< Back
Kerala
ISM Statement against Zumba dance
Kerala

സൂംബ ഡാൻസിന്റെ ലക്ഷ്യം ജെൻഡർ പൊളിറ്റിക്‌സ് ഒളിച്ചുകടത്തൽ: ഐഎസ്എം

Web Desk
|
27 Jun 2025 7:59 PM IST

കൂടിയാലോചനകളില്ലാതെ നടപ്പാക്കുന്ന ഇത്തരം അപക്വമായ പരിഷ്‌കാരങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആവശ്യപ്പെട്ടു.

കോഴിക്കോട്: സ്‌കൂളുകളിൽ സൂംബ ഡാൻസിലൂടെ ജെൻഡർ പൊളിറ്റിക്‌സ് ഒളിച്ചുകടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. കുട്ടികളുടെ കായികക്ഷമതയും മാനസികോല്ലാസവും വർധിപ്പിക്കാനാണ് ഇത് നടപ്പാക്കുന്നത് എന്നാണ് സർക്കാർ പറയുന്നത്. കായികക്ഷമത വർധിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട് എന്നിരിക്കെ സൂംബ ഡാൻസ് നടപ്പാക്കുന്നത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൂംബ ഡാൻസ് എങ്ങനെയാണ് ലഹരിക്കെതിരായ പോരാട്ടമാകുന്നതെന്ന് ഷുക്കൂർ സ്വലാഹി ചോദിച്ചു. കായികക്ഷമത വർധിപ്പിക്കാൻ കായിക അധ്യാപകരുടെ ഒഴിവ് നികത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. ലഹരിക്കെതിരെ തൊലിപ്പുറത്തെ ചികിത്സകൾ മറ്റു ലഹരിയിലേക്ക് കുട്ടികളെ കൊണ്ടുപോകും.

ധാർമികത ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കും പുതിയ പരിഷ്‌കാരം ഉൾക്കൊള്ളാനാവില്ല. കൂടിയാലോചനകളില്ലാതെ നടപ്പാക്കുന്ന ഇത്തരം അപക്വമായ പരിഷ്‌കാരങ്ങളിൽ നിന്ന് സർക്കാർ പിൻമാറണം. എന്താണ് സൂംബ ഡാൻസ് എന്ന് വ്യക്തമാക്കി മന്ത്രിമാർ അവരുടെ ഫേസ്ബുക്ക് പേജുകളിൽ പങ്കുവെച്ച വീഡിയോ കണ്ടാൽ ധാർമികത ആഗ്രഹിക്കുന്ന ഒരു രക്ഷിതാവിനും ഇത് അംഗീകരിക്കാനാവില്ലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.

Related Tags :
Similar Posts