< Back
Kerala
കോഴിക്കോട് കോർപ്പറേഷനിലും സി.പി.എം അനുഭാവികളെ നിയമിക്കാൻ നീക്കമെന്ന് ആരോപണം
Kerala

കോഴിക്കോട് കോർപ്പറേഷനിലും സി.പി.എം അനുഭാവികളെ നിയമിക്കാൻ നീക്കമെന്ന് ആരോപണം

Web Desk
|
8 Nov 2022 6:16 AM IST

ആരോഗ്യവിഭാഗം സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുടെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡിൽ പ്രതിപക്ഷത്ത് നിന്നാരെയും ഉൾപ്പെടുത്തിയില്ലെന്ന് കോൺഗ്രസ്സും ബി.ജെ.പിയും ആരോപിക്കുന്നു.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളികളുടെ താത്ക്കാലിക ഒഴിവുകളിലേക്ക് സി.പി.എം അനുഭാവികളെ നിയമിക്കാൻ നീക്കമെന്ന ആരോപണവുമായി കോൺഗ്രസ്സും ബി.ജെ.പിയും. നിയമനം നടത്താനായുള്ള ഇന്റർവ്യു ബോർഡിൽ സി.പി.എം പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയെന്നാണ് ആരോപണം. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.

കോഴിക്കോട് കോർപ്പറേഷനിൽ ആരോഗ്യവിഭാഗത്തിലെ ശൂചീകരണത്തൊഴിലാളികളുടെ ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് അപേക്ഷ ക്ഷണിച്ചത്. 122 ഒഴിവുകളിലേക്കായി ആയിരത്തോളം പേരെ അഭിമുഖത്തിനായി ക്ഷണിച്ചു. ആരോഗ്യവിഭാഗം സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുടെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡിൽ പ്രതിപക്ഷത്ത് നിന്നാരെയും ഉൾപ്പെടുത്തിയില്ലെന്ന് കോൺഗ്രസ്സും ബി.ജെ.പിയും ആരോപിക്കുന്നു. സി.പി.എം പ്രവർത്തകരെ നിയമിക്കാനുള്ള നീക്കമാണിതെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.

അതേസമയം മാനദണ്ഡങ്ങൾ പാലിച്ചാണ് അഭിമുഖം നടത്തിയതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മേയർ ഡോ. ബീന ഫിലിപ്പ് പ്രതികരിച്ചു. താത്ക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാൻ സാധ്യതയുള്ളതിനാൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലും അഭിമുഖത്തിനെത്തിയിരുന്നു. അന്തിമ പട്ടിക കോർപ്പറേഷൻ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

Similar Posts