
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി രാജ്യത്ത് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യം; സന്തോഷ് കുമാർ എം.പി
|നിർഭാഗ്യവശാൽ ഇൻഡ്യ മുന്നണിയിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഈ സമീപനമുണ്ടാകുന്നില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു
കോട്ടയം: ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായി രാജ്യത്ത് രാഷ്ടീയ കക്ഷികൾ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി. നിർഭാഗ്യവശാൽ ഇൻഡ്യ മുന്നണിയിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഈ സമീപനമുണ്ടാകുന്നില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകീട്ട് ജന്മശതാബ്ദി സമ്മേളനവും ചേരും. നാളെ റിപ്പോട്ടിൻമേൽ ചർച്ചയും മറുപടിയും ജില്ലാ കൗൺസിൽ, ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പും നടക്കും. നിലവിലെ സെക്രട്ടറി വി.ബി ബിനു ഒഴിവാകും. എഐടിയുസി നേതാവ് വി.കെ സന്തോഷ് കുമാറിനാണ് സാധ്യത.
മത്സരം ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നേതൃത്വം നൽകിയിട്ടുണ്ട്. മുന്നണിയിൽ കേരളാ കോൺഗ്രസിന് നൽകുന്ന അമിത പ്രാധാന്യം, മന്ത്രിമാരുടെയും സർക്കാരിന്റെ പ്രവർത്തനം, ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളി പ്രശ്‌നങ്ങൾ എന്നിവയെല്ലാം സമ്മേളനത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്നേക്കും.