< Back
Kerala
Jaffer denies allegations of defection for money
Kerala

'എനിക്ക് തെറ്റുപറ്റി, പക്ഷേ, ആരോടും ഒരു രൂപ പോലും വാങ്ങിയിട്ടില്ല'; കൂറുമാറ്റ ആരോപണം നിഷേധിച്ച് ജാഫർ; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സ്‌കൂട്ടറിൽ രക്ഷപെട്ടു

Web Desk
|
2 Jan 2026 2:52 PM IST

ആരെയും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്യാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് ലീഗ് സ്വതന്ത്രൻ ഇ.യു ജാഫർ. ഒരു രൂപ പോലും താൻ ഒരാളിൽ നിന്നും വാങ്ങിയിട്ടില്ലെന്നും ഏതന്വേഷണത്തോടും സഹകരിക്കുമെന്നും ജാഫർ മാധ്യമപ്രവർത്തകരോട് പറ‍ഞ്ഞു. നുണപരിശോധനയ്ക്ക് വരെ തയാറാണ്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ നബീസയ്ക്ക് വോട്ട് ചെയ്തത് തന്റെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റാണെന്നും അതിൽ പൊതുസമൂഹത്തോട് മാപ്പ് പറയുകയും രാജിവയ്ക്കുകയും ചെയ്തെന്നും ആ പദവിയിൽ ഇരിക്കാൻ താൻ യോഗ്യനല്ലെന്നും ജാഫർ പറഞ്ഞു.

ഓഡിയോയിൽ പറഞ്ഞതെല്ലാം സൗഹൃദസംഭാഷണമാണ്. പണം വാങ്ങിയിട്ടില്ല. തന്നെ ഇടതുനേതാക്കൾ ബന്ധപ്പെട്ടിട്ടില്ല. താൻ ലീഗിനൊപ്പം തുടർന്നുപ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. തനിക്കിപ്പോൾ സ്ഥാനമൊന്നും ഇല്ലെന്നും ജാഫർ കൂട്ടിച്ചേർത്തു. ജാഫറിന്റെ പ്രതികരണത്തിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധക്കാരെ കണ്ടതോടെ ജാഫർ സ്‌കൂട്ടറിൽ കയറി രക്ഷപെടുകയും ചെയ്തു.

സ്വന്തം താത്പര്യത്തിന് വേണ്ടി ജാഫർ നാട്ടുകാരെ വഞ്ചിച്ചിരിക്കുകയാണെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ആളാണെന്നും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പറഞ്ഞു. ജാഫറിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്നും അവർ വ്യക്തമാക്കി. ജാഫറിന് പണം വാ​ഗ്ദാനം ചെയ്തെന്ന ആരോപണം സിപിഎമ്മും തള്ളി.

ആരെയും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ജില്ലയിൽ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ.വി അബ്ദുൽഖാദർ പ്രതികരിച്ചു. പണവും പദവിയും സിപിഎം ഓഫർ ചെയ്തതായി ലീഗ് സ്വതന്ത്രൻ ഇ.യു ജാഫർ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വിഷയം ചൂണ്ടിക്കാട്ടി‌ അനില്‍ അക്കര വിജിലൻസിന് ൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.

യുഡിഎഫും എൽഡിഎഫും തുല്യനില പാലിച്ച ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജാഫർ വോട്ട് ചെയ്തതോടെ എൽഡിഎഫിലെ നബീസ ജയിച്ചു കയറുകയായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജാഫർ വോട്ട് ചെയ്തതുമില്ല. ഇത് കോഴ വാങ്ങിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. വരവൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫയുമായുള്ള സംഭാഷണമാണ് പാർട്ടി പുറത്തുവിട്ടത്.

ജാഫറിന് സിപിഎം നേതാവ് ബാബു സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഓഡിയോ സന്ദേശവും ഇതിനിടെ പുറത്തുവന്നു. വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിലാണ് കോഴ ഇടപാട് എന്ന് ആരോപിച്ച് അനിൽ അക്കരെ രംഗത്തെത്തി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്കൂളിൽ വച്ചാണ് പണം കൈമാറിയത് എന്നാണ് ആരോപണം. കരുവന്നൂരിൽ നിന്നും കവർന്ന പണമാണ് കോഴയായി വാഗ്ദാനം ചെയ്തത് എന്ന് ആരോപിച്ച് സിപിഎമ്മിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കോൺഗ്രസ്.


Similar Posts