< Back
Kerala
ശ്രീനാരായണ ഗുരു സർവകലാശാല വി.സിയായി മുസ്‍ലിം വേണമെന്ന് ജലീൽ ആവശ്യപ്പെട്ടു: വെള്ളാപ്പള്ളി നടേശൻ
Kerala

ശ്രീനാരായണ ഗുരു സർവകലാശാല വി.സിയായി മുസ്‍ലിം വേണമെന്ന് ജലീൽ ആവശ്യപ്പെട്ടു: വെള്ളാപ്പള്ളി നടേശൻ

Web Desk
|
4 Aug 2022 5:34 PM IST

ജലീൽ തന്റെ സമുദായത്തിന് വേണ്ടി ചെയ്തതായിരിക്കാം ഇതെന്നും വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ശ്രീനാരായണ ഗുരു സർവകാലാശാല വി.സി നിയമനത്തിൽ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ വെളിപ്പെടുത്തലുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർവകലാശാലയിൽ വി.സിയായി മുസ്‌ലിം സമുദായത്തിൽനിന്നുള്ളയാൾ വേണമെന്ന് കെ.ടി ജലീൽ തന്നോട് ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുവിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെയാണ് ജലീൽ വി.സിയായി നിയമിച്ചതെന്നും ജലീൽ തന്റെ സമുദായത്തിന് വേണ്ടി ചെയ്തതായിരിക്കാം ഇതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഇത് തന്നോട് പറഞ്ഞപ്പോൾ തനിക്ക് ജലീലിനോട് ബഹുമാനം തോന്നി. ജോമോൻ പുത്തൻപുരയ്ക്കൽ ഇതിനെല്ലാം സാക്ഷിയാണ്. മുസ്‌ലിമായ ഒരാളെ വി.സിയാക്കിയത് തന്റെ താൽപ്പര്യ പ്രകാരമാണെന്ന് ജലീൽ പറഞ്ഞതായും വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തി. ''അദ്ദേഹം മലപ്പുറത്തുകാരനാണ്, കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ വി.സിയായി ഒറ്റ മുസ് ലിം ഇല്ലായെന്ന കുറവു പരിഹരിക്കുകയെന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ആവശ്യമാണ്, ഉത്തരവാദിത്തമാണ്, അത് അദ്ദേഹം ചെയ്തു'' വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. അത് സത്യപ്രതിജ്ഞ ലംഘനമല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിൽ എന്താണ് തെറ്റുള്ളത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. അത് തെറ്റല്ലെന്നും അതാണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കി.


Similar Posts