
'പാലത്തായി പീഡനക്കേസിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും'; പ്രതിഭാഗം അഭിഭാഷകൻ പ്രേമരാജൻ
|കെ. പത്മരാജന് മരണംവരെ ജീവപരന്ത്യമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്
കണ്ണൂർ: പാലത്തായി പീഡനക്കേസിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയ്യുമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രേമരാജൻ. ചെയ്യാത്ത കുറ്റത്തിനാണ് കെ.പത്മരാജൻ ശിക്ഷിക്കപ്പെടുന്നതെന്ന് പ്രേമരാജൻ പറഞ്ഞു.
'ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പത്മരാജൻ കോടതിയിൽ പറഞ്ഞു. നാളെ ഒരു പൊതു പ്രവര്‍ത്തകനോ അധ്യാപകനോ രാഷ്ട്രീയ പ്രവര്‍ത്തകനായി എന്ന പേരില്‍ ഇത്തരമൊരു കെട്ടിച്ചമച്ച കേസുകളുണ്ടാവാതിരിക്കട്ടെ എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു' എന്നും പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യകാലം മുതല്‍ ഈ കേസില്‍ ആരോപണം ഉണ്ടായിരുന്നതും ക്രൈംബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തിയതുമായ വസ്തുത ഈ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രാദേശിക മത തീവ്രവാദ സംഘടനകള്‍ക്ക് കേസിന് പിന്നില്‍ പങ്കുണ്ടെന്നുമായിരുന്നു. തുടര്‍ന്നാണ് ഒരു ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ എസ്. ശ്രീജിത്തിനെെയും സംഘത്തെയും മുഴുവനായും മാറ്റി തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ രത്നകുമാരൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണ ചുമതല നൽകിയതെന്നും പ്രേമരാജൻ കൂട്ടിച്ചേർത്തു.
പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജന് മരണംവരെ ജീവപരന്ത്യമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376AB IPC പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്സോ സെക്ഷൻ 5(f) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ സെക്ഷൻ 5(l) പ്രകാരം 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
പാലത്തായി പീഡനക്കേസിൽ വെല്ലുവിളി ഏറെ അതിജീവിച്ചാണ് പ്രത്യേക അന്വേഷണ സംഘം നിർണായക തെളിവുകൾ കണ്ടെത്തിയതെന്ന് അന്വേഷണ സംഘത്തിലെ അംഗമായ എസ്ഐ പി.സി രമേശൻ മീഡിയവണിനോട് പറഞ്ഞു. കുട്ടിയുടെ മൊഴികളെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താനായത് കേസിൽ പ്രധാന വഴിത്തിരിവായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഭാഗത്തിന് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ, പീഡനക്കേസിന് പിന്നിൽ മതതീവ്രവാദം ഉൾപ്പെടെയുള്ള സംഭവങ്ങളുണ്ടെന്ന വാദവുമായി കേസിനെ വഴിതിരിച്ചുവിടാൻ അഭിഭാഷകൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് പോക്‌സോ കേസാണെന്നും അതിന്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി അറിയിച്ചു.