
വിദ്വേഷ പ്രചാരണം: സിപിഎം-ബിജെപി നേതാക്കൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി ജമാഅത്തെ ഇസ്‌ലാമി
|നിലമ്പൂർ മണ്ഡലത്തിലെ മതസൗഹാർദ്ധത്തോട് കൂടി കഴിഞ്ഞ് വരുന്ന വിവിധ മത വിഭാഗങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കി തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് നേടാനുള്ള ഹീനമായ ശ്രമമാണ് പ്രതികൾ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു.
തിരുവനന്തപുരം: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെതിരെയുണ്ടായ ആക്രമണത്തെ പിന്തുണച്ചു എന്ന വ്യാജം പ്രചരിപ്പിച്ച ബിജെപി-സിപിഎം നേതാക്കൾക്കെതിരെ പരാതി നല്‍കി ജമാഅത്തെ ഇസ്‌ലാമി.
മത സ്പർദ്ധയും വർഗീയ വിഭജനവും ഉണ്ടാക്കി കലാപത്തിന് ശ്രമിക്കുന്നതായി കാണിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും ജമാഅത്തെ ഇസ്‌ലാമി പരാതി നൽകിയത്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി കെ. നജാത്തുള്ളയാണ് പരാതി നൽകിയത്.
കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു മുസ്‌ലിം സംഘടനയെ ദേശദ്രോഹികളും പാകിസ്ഥാൻ വാദികളുമായി ചിത്രീകരിച്ച് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ മുസ്ലിം ഭീതി (ഇസ്ലാമോഫോബിയ) പടർത്തി അതുവഴി മത സ്പർദ്ധയും കലാപവും സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പി, സി.പി.എം നേതാക്കൾ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ് രാധാകൃഷ്ണൻ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ് അരുൺ കുമാർ, സിപിഎം തിരുവമ്പാടി ഏരിയ കമ്മറ്റി അംഗം നാസർ കൊളായി എന്നിവർക്കെതിരെയാണ് പരാതി.
നിലമ്പൂർ മണ്ഡലത്തിലെ മതസൗഹാർദ്ധത്തോട് കൂടി കഴിഞ്ഞ് വരുന്ന വിവിധ മത വിഭാഗങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കി തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് നേടാനുള്ള ഹീനമായ ശ്രമമാണ് പ്രതികൾ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു.