
കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പ്രസ്താവന: എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി
|പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം
പാലക്കാട്: സിപിഎം നേതാവ് എ.കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം. ഒരാഴ്ചക്കകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ, സിവിൽ കേസുകൾ നൽകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
ഒരു കോടി രൂപ നഷ്ട്ട പരിഹാരവും നൽകണം. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുസ്‌ലിം സംഘടനക്ക് എതിരെ വിദ്വേഷവും, ഭീതിയും പടർത്തി മറ്റ് മതവിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കുകയാണ് എ. കെ ബാലൻ്റെ ലക്ഷ്യം. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ, അഡ്വക്കറ്റ് അമീൻ ഹസൻ വഴിയാണ് എ. കെ ബാലന് വക്കീൽ നോട്ടീസ് അയച്ചത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്നുമായിരുന്നു എ.കെ ബാലന്റെ പ്രസ്താവന.
'യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ ഒന്നും രണ്ടും മാറാടൊന്നുമല്ല ഉണ്ടാവുക. അതിന് പറ്റിയ സമീപനമാണ് ലീഗും ആർഎസ്എസും സ്വീകരിക്കുന്നത്'- പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.