
മാറാട് കലാപം ബിജെപി പോലും രാഷ്ട്രീയ ആയുധമാക്കാത്ത സാഹചര്യത്തിൽ, സിപിഎം അത് നടത്തുന്നത് അത്യന്തം അപകടകരം: പി.മുജീബുറഹ്മാൻ
|എ.കെ ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ
തിരുവനന്തപുരം: മാറാട് കലാപത്തിന്റെ മുറിവുണക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചതെന്ന് കേരള അമീർ പി.മുജീബുറഹ്മാൻ. അന്നത്തെ അമീർ സിദ്ദിഖ് ഹസ്സനാണ് മാറാട് സന്ദർശിച്ച് ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്. കേരളം മറക്കാൻ ആഗ്രഹിക്കുന്ന മുറിവാണ് മാറാട്. ബിജെപി പോലും രാഷ്ട്രീയ ആയുധമാക്കാത്ത കാലത്ത് മാറാടിനെ ആയുധമാക്കാൻ സിപിഎം ശ്രമിക്കരുത്. എ.കെ ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നും പി.മുജീബുറഹ്മാൻ പറഞ്ഞു.
കലാപത്തിന്റെ മുറിവുണക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചതെന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. കലാപങ്ങൾ നടക്കുന്നിടത്ത് എല്ലായിടത്തും അതിനെ തണുപ്പിക്കാൻ മുന്നിൽ നിന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. 75 വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനം. സമൂഹത്തിന് ഉപകാരപ്പെടാത്ത ഒരു പ്രവർത്തനവും നടത്തുന്നില്ല. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമൂഹ്യ മൂല്യങ്ങൾ അനുസരിച്ച് രാജ്യത്ത് പ്രവർത്തിക്കുന്നു. ഇടതുപക്ഷം കൂടിയുള്ള ഒരു കേരളം ഉണ്ടാകണം എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ മത നിരപേക്ഷ മനസിന് അതാണ് ആവശ്യം. ജമാ അത്തിനെ ടൂൾ ആക്കിയുള്ള സിപിഎം നീക്കം അപകടകരമാണ്, അതിൽ നിന്ന് പിന്മാറണം. സംഘ് പരിവാറിനെ തടയുന്നതിന് ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല ബാധ്യത. ഇതിനായി ഇടത് വലത് സംഘടനകൾ ഒരുമിച്ചു നിൽക്കണം. അങ്ങനെ നിന്നിരുന്നെങ്കിൽ തിരുവനന്തപുരം കോർപറേഷൻ ബിജെപി ഭരിക്കില്ലായിരുന്നു. ജമാഅത്തെ ഇസ്‌ലാമി എന്ത് വർഗീയ പ്രവർത്തനം ആണ് നടത്തിയിട്ടുള്ളത് എന്ന് സിപിഎം വ്യക്തമാക്കണം. എവിടെങ്കിലും അപര മത വിദ്വേഷം പടർത്താൻ ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചിട്ടുണ്ടോയെന്നും ചോദ്യം. ഒരു കേസെങ്കിലും ഈ 10 വർഷത്തിനിടെ കേരളത്തിൽ എൽഡിഎഫ് സർക്കാർ ഇത്തരത്തിൽ എടുത്തിട്ടുണ്ടോയെന്നും വർഗീയ വിഷം ചീറ്റുന്ന പ്രസ്താവനകളിൽ നിന്ന് നേതാക്കളെ വിലക്കണമെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് സിപിഎം പാഠം പഠിക്കണം. മാറാടിനെ രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കരുത്. വിവേകമുള്ളവർ സിപിഎമ്മിൽ ഉണ്ടെങ്കിൽ എ.കെ ബാലനെ തിരുത്തണം. ജമാഅത്തിന് പ്രത്യേക രാഷ്ട്രീയമില്ല. ബിജെപിയെ തോൽപ്പിക്കാൻ വെൽഫെയർ പാർട്ടിയുടെ താല്പര്യം ഒഴിവാക്കിയും ജയിക്കുന്നവരെ പിന്തുണക്കും. ദേശീയ തലത്തിൽ മുസ്‌ലിം വോട്ടുകൾ ശിഥിലമാകതെ ശ്രമിച്ചിട്ടുണ്ട്. മൗദൂദി ഒരിക്കലും ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. കോൺഗ്രസുമായി ഏറെ സംഘർഷപ്പെട്ടിട്ടുണ്ട്. ഇനിയും പ്രതിഷേധിക്കേണ്ടുന്ന ഘട്ടം ഉണ്ടായാൽ പ്രതിക്ഷേധിക്കും. സിപിഎം നിലപാട് തിരുത്തിയാൽ ഇനിയും അവരെ പിന്തുണക്കും. 2011 വരെ പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് ഇരു മുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. പിണറായി വിജയനുമായി സംസാരിച്ചതിൽ അപകടമോ അസാധാരണമോ ഇല്ല. സിപിഎം ഒരു ന്യൂനപക്ഷ വിരുദ്ധ പാർട്ടി ആണെന്ന് കരുതുന്നില്ല. ജമാഅത്ത് ആർഎസ്എസുമായി ചർച്ച നടത്തിയിട്ടില്ല. വിവിധ മുസ്‌ലിം സംഘടനകളുമായി നടത്തിയ ചർച്ചയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും പി.മുജീബുറഹ്മാൻ പറഞ്ഞു.