< Back
Kerala
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരണഘടന അവകാശങ്ങളുടെ നിഷേധ കേന്ദ്രങ്ങളാകരുത്: ജമാഅത്തെ ഇസ്‌ലാമി
Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭരണഘടന അവകാശങ്ങളുടെ നിഷേധ കേന്ദ്രങ്ങളാകരുത്: ജമാഅത്തെ ഇസ്‌ലാമി

Web Desk
|
18 Oct 2025 6:29 PM IST

മതപരമായ വസ്ത്രധാരണം ഒഴിവാക്കുന്നതാണ് മതേതരത്വത്തിന്റെ താത്പര്യമെന്ന വാദം തെറ്റിദ്ധാരണാജനകവും ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് ജമാഅത്തെ ഇസ് ലാമി കേരള ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ് പ്രസ്താവനയിൽ പറഞ്ഞു

കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ പുറത്താക്കിയ സംഭവം ഭരണഘടനാ അവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്. ഓരോ പൗരനും തങ്ങളുടെ വിശ്വാസവും ആചാരങ്ങളും പിന്തുടരാനും അത് പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശം ഇന്ത്യൻ ഭരണഘടനയുടെ 25-ാം വകുപ്പ് ഉറപ്പുനൽകുന്നുണ്ട്. അതിനാൽ, മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളുടെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ഭാഗമായ ശിരോവസ്ത്ര ധാരണത്തെ ചോദ്യം ചെയ്യുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. വിദ്യാഭ്യാസം പോലുള്ള മൗലിക അവകാശങ്ങൾ നിഷേധിക്കാനുള്ള ഒരു കാരണമായി മതപരമായ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിക്കുന്നത് പൗരാവകാശ നിഷേധവും പ്രതിഷേധാർഹവുമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇടങ്ങളാകണം. മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ എല്ലാവർക്കും തുല്യ അവസരം നൽകുക എന്നതാണ് യഥാർത്ഥ മതേതരത്വത്തിന്റെയും തുല്യതയുടെയും അന്തസ്സത്ത. മതപരമായ വസ്ത്രധാരണം ഒഴിവാക്കുന്നതാണ് മതേതരത്വത്തിന്റെ താത്പര്യമെന്ന വാദം തെറ്റിദ്ധാരണാജനകവും ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. മുസ്ലിം വിദ്യാർത്ഥിനികളുടെ ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തെ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾക്കോ സമൂഹത്തിൽ ഭിന്നത വളർത്താനുമുള്ള മാർഗമായി ചിലർ ദുരുപയോഗം ചെയ്യുന്നതിനെ മതേതര സമൂഹം കരുതിയിരിക്കണം.

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ മാനേജ്‌മെന്റ് തങ്ങളുടെ നിലപാട് തിരുത്തുകയും വിദ്യാർഥിനിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിച്ച്, വിദ്യാഭ്യാസം തുടരാനുള്ള സംവിധാനമൊരുക്കുകയുമാണ് ചെയ്യേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമാനമായ അവകാശ നിഷേധങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്നും ടി.കെ ഫാറൂഖ് പറഞ്ഞു.

Similar Posts