
ജാസ്‍ലിയയുടെ അപകട മരണം: പ്രതിയായ ഡോ.സിറിയകിന്റെ പിതാവ് അറസ്റ്റിൽ
|അപകടം നടന്ന് ഏഴുദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല
അങ്കമാലി: എറണാകുളത്തെ ജാസ്‍ലിയയയുടെ മരണത്തിൽ പ്രതിയായ ഡോക്ടർ സിറിയകിന്റെ പിതാവ് അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. അങ്കമാലി പൊലീസാണ് സിറിയകിന്റെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. അപകടം നടന്ന് ഏഴുദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. പിതാവിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു.
ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടമുണ്ടായത്. 19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ ജോൺസൺ പാർട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ഇതുവരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസുകാർ വാഹനത്തിന്റെ ഫോട്ടോയെടുക്കാൻ പോലും സമ്മതിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പൊലീസുകാർ നോക്കിയിരുന്നെങ്കിൽ പ്രതിയെ പിടികൂടാമായിരുന്നുവെന്നും കുടുംബം കുറ്റപ്പെടുത്തി.
പ്രത്യേക സംഘം രൂപീകരിച്ച് വിവിധ ഇടങ്ങളിലായി അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആലുവ റൂറൽ എസ്പിയുടെ വിശദീകരണം. അതിനിടെ സിറിയക് കോട്ടയം സെക്ഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.ഇതിനിടെയാണ് പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.