< Back
Kerala
Samastha has its own policy says Jifri Thangal
Kerala

മുസ്‌ലിംകളാദി പിന്നാക്ക സമൂഹങ്ങളോട് ഏത് സർക്കാരും സ്വീകരിക്കുന്ന വിപരീത നിലപാടുകൾക്കെതിരെ കൈകോർക്കുന്നതിന് സമസ്ത എതിരല്ല: ജിഫ്രി തങ്ങൾ

Web Desk
|
27 Jun 2025 6:25 PM IST

സമസ്തയും മുസ്‌ലിം ലീഗും തമ്മിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ ഇരുസംഘടനകളും തമ്മിൽ തെറ്റിക്കാണാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്. രണ്ടും പിളർന്നുകാണാനാണ് ചിലർക്ക് മോഹമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

കോഴിക്കോട്: മുസ്‌ലിംകളാദി പിന്നാക്ക സമൂഹങ്ങളോട് ഏത് സർക്കാരും സ്വീകരിക്കുന്ന വിപരീത നിലപാടുകൾക്കെതിരെ കൈകോർക്കുന്നതിന് ഒരു കാലത്തും എതിരല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏക സിവിൽകോഡ്, വഖഫ്, പൗരത്വ നിയമത്തിനെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ എല്ലാവരുമായി സഹകരിച്ചിട്ടുണ്ട്. വേദികൾ പങ്കുവെച്ചിട്ടുണ്ട്. പലതിലും മുൻകൈ എടുത്തിട്ടുമുണ്ട്. ഇനിയും അതുണ്ടാകും. ഭൗതികലോകത്തെ ഇടപാടുകളും വിശ്വാസ കർമ ആചാര പ്രമാണ മണ്ഡലങ്ങളിലെ ഭിന്നതകളും രണ്ടും രണ്ടാണെന്ന് മാത്രമേയുള്ളൂ. നൂറാം വാർഷികത്തിലും ഈ പ്രമേയത്തിൽനിന്ന് പിറകോട്ടു പോകാൻ സുന്നി സമൂഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നദ്‌വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളോടുള്ള ആദർശ സമീപനങ്ങളിൽ സമസ്ത ഒരിഞ്ച് പിറകോട്ടുപോയിട്ടില്ല. അവർ നിലപാട് മാറ്റിയാൽ മാത്രമേ അതിൽ പുനർചിന്തയുടെ പ്രശ്‌നം ഉദിക്കുന്നുള്ളൂ എന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സുപ്രഭാതം പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്.

സമസ്തയും മുസ്‌ലിം ലീഗും തമ്മിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ ഇരുസംഘടനകളും തമ്മിൽ തെറ്റിക്കാണാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്. രണ്ടും പിളർന്നുകാണാനാണ് ചിലർക്ക് മോഹം. ചിലർക്ക് സമസ്തയെ പിളർത്താനും. തന്റെ ഭാഗത്തുനിന്ന് അതിന് യാതൊരുവിധ അനുകൂല നിലപാടും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ലീഗിനെക്കുറിച്ച് താനെവിടെയും ഒരു വരി മോശമായ പ്രസ്താവന നടത്തിയിട്ടുമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ നടക്കുന്നവർ പണ്ടും ഉണ്ടായിരുന്നെങ്കിലും കുറച്ചുകൂടി മാന്യമായ സമീപനമായിരുന്നു അവർക്ക്. ഇപ്പോൾ അങ്ങനെയല്ല. ഈ വിഷയത്തിന്റെ പേരിൽ അവർ എന്നെയും വ്യക്തിപരമായി ആക്ഷേപിക്കുന്നു. താൻ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയം അറിയാത്തതുകൊണ്ടുമല്ല. താൻ പഠിച്ചതും വളർന്നതും പ്രവർത്തിച്ചതുമൊക്കെ സമസ്തയുടെ മേഖലയിലാണ്. സമസ്ത ആക്രമിക്കപ്പെടുമ്പോൾ തനിക്ക് നോവും. പ്രതിരോധം തന്റെ ബാധ്യതയായിത്തീരും.

തെറ്റിക്കുന്നവരെ തിരിച്ചറിയലാണ് ആദ്യത്തെ ബാധ്യത. മുസ്‌ലിം ലീഗും സമസ്തയും ആയവരെയും ലീഗ് വിരുദ്ധരാക്കുന്ന പ്രവണതയുണ്ട്. യഥാർഥത്തിൽ സമസ്തയോ ലീഗോ അല്ല ഇതിനുത്തരവാദി. എന്നാൽ പരിക്ക് രണ്ട് കൂട്ടർക്കുമാണ്. ലീഗിൽ സമസ്തക്കാരും അല്ലാത്തവരും ഉള്ളതുപോലെ സമസ്തയിലും ലീഗുകാരും അല്ലാത്തവരുമുണ്ടാകും എന്ന് മനസ്സിലാക്കി ഇരുസംഘടനകളും പരസ്പര ബഹുമാനവും സ്‌നേഹവും കാത്തുസൂക്ഷിച്ച് പ്രവർത്തിക്കാൻ ശ്രമിക്കണം. ഓരോ സംഘടനയുടെ ഭാഗത്തുനിന്നും മറ്റു സംഘടനക്ക് നോവുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തണം. സമസ്തയിൽ നിന്നുള്ള ചിലരെ ഉപയോഗപ്പെടുത്തി ഭിന്നിപ്പുണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും തങ്ങൾ പറഞ്ഞു.

Similar Posts