
വെൽഫെയർ പാർട്ടിയുമായി മറ്റുള്ളവർക്കുള്ള രാഷ്ട്രീയ സഖ്യത്തെ എതിർക്കേണ്ട കാര്യം സമസ്തക്കില്ല: ജിഫ്രി തങ്ങൾ
|ഇത് സംബന്ധിച്ച് സമസ്‌തയുടെ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു
കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി മറ്റുള്ളവർക്കുള്ള രാഷ്ട്രീയ സഖ്യത്തെ എതിർക്കേണ്ട കാര്യം സമസ്തക്കില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇത് സംബന്ധിച്ച് സമസ്‌തയുടെ പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായി മതപരമായ എതിർപ്പുണ്ടെങ്കിലും അവരുമായി കൂട്ടുകൂടുന്നതിനെ കുറിച്ച് രാഷ്ട്രീയ പാർട്ടികളാണ് ആലോചിക്കേണ്ടത്. വെൽഫെയർ പാർട്ടിയും യുഎഡിഎഫുമായുള്ള സഖ്യത്തെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
രാജ്യത്ത് മുസ്‌ലിംകൾ നേരിടുന്ന പ്രതിസന്ധി അഭിമുഖീകരിക്കാൻ മുസ്‌ലിംകൾ മാത്രമല്ല എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകൾ മാത്രം ഒരുമിച്ച് നിന്നത് കൊണ്ട് ഒന്നും ചെയ്യാനാകില്ല അത്തരം ഘട്ടങ്ങളിൽ എല്ലാവരും ഒരുമിച്ച് നിന്നാണ് പ്രവർത്തിക്കേണ്ടതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പൊതുനന്മക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2025 സെപ്റ്റംബറിൽ ആരംഭിച്ച് ഇന്നലെ സമാപിച്ച സമസ്തയുടെ ഫണ്ട് ശേഖരണമായ തഹിയ ഫണ്ടിലേക്ക് ഇതുവരെ 46 കോടി 20 ലക്ഷം രൂപ പിരിച്ചതായും ജനങ്ങളിൽക്കിടയിൽ സമസ്തക്കുള്ള സ്വീകാര്യതക്കുള്ള തെളിവാണിതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഈ ഫണ്ടിലേക്ക് കാന്തപുരത്തിന്റെ മകൻ ഹക്കീം അസ്ഹരി സംഭാവന നൽകിയതിൽ സന്തോഷവും നന്ദിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്തയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അതിന്റെ ഔദ്യോഗിക ഭാരവാഹികളിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ആദ്യം വാർത്ത നൽകി പിന്നീട് അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പിൻവലിച്ച് ക്ഷമാപണം സ്വീകരിക്കുന്ന ശൈലി പിന്തുടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.