< Back
Kerala
ജെകെവി പുരസ്‌കാരം ആർ.കെ ബിജുരാജിന്
Kerala

ജെകെവി പുരസ്‌കാരം ആർ.കെ ബിജുരാജിന്

Web Desk
|
16 Jun 2025 2:31 PM IST

'കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം' എന്ന ഗ്രന്ഥമാണ് അവാർഡിന് അർഹമാക്കിയതെന്ന് ജെകെവി ഫൗണ്ടേഷൻ സെക്രട്ടറി ഡോ. സന്തോഷ് ജെകെവി അറിയിച്ചു

ചങ്ങനാശ്ശേരി: പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായിരുന്ന ജെകെവിയുടെ (ജോസഫ് കാഞ്ഞിരത്തിങ്കൽ വർക്കി) നാമധേയത്തിൽ നൽകി വരുന്ന എട്ടാമത് സാഹിത്യപുരസ്‌കാരം ആർ.കെ.ബിജുരാജിന്.'കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം' എന്ന ഗ്രന്ഥമാണ് അവാർഡിന് അർഹമാക്കിയതെന്ന് ജെകെവി ഫൗണ്ടേഷൻ സെക്രട്ടറി ഡോ. സന്തോഷ് ജെകെവി അറിയിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധ്യമത്തിൽ ചീഫ് സബ് എഡിറ്ററാണ് ബിജുരാജ്.

ജെകെവിയുടെ പേരിലുള്ള പ്രഥമ മാധ്യമ പുരസ്‌കാരം എസ്. വിജയകുമാറിനും ലഭിച്ചു. ഏഴായിരത്തി അഞ്ഞൂറു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 24 ന്യൂസിലെ വാർത്താ അവതാരകനാണ് വിജയകുമാർ.

ആധികാരികതയോടും സൂക്ഷ്മതയോടും കൂടി കേരള രാഷ്ട്രീയചരിത്രത്തെ അതിഗംഭീരമായി ഒരു ഗവേഷണപ്രബന്ധത്തിന്റെ ഗൗരവത്തോടെ ബിജുരാജ് കേരളരാഷ്ട്രീയ ചരിത്രം എന്ന പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.സമചിത്തതയോടെ ശാന്തസ്വരൂപനായിനിന്ന് വാർത്തകളെ ഗൗരവമായി അവതരിപ്പിക്കുന്ന എസ്. വിജയകുമാറിന്റെ ശൈലി ഏറെ അനുകരണീയമെന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സാഹിത്യകാരന്മാരും മാധ്യമപ്രവർത്തകരുമായ പി.കെ. പാറക്കടവും ഏബ്രഹാം മാത്യുവും കേന്ദ്രയൂണിവേഴ്‌സിറ്റിയുടെ രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്തും ഐകകണ്‌ഠേനയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്‌കാരങ്ങൾ ജെകെവിയുടെ ജന്മവാർഷികദിനമായ ഒക്ടോബർ ഒന്നാം തീയതി ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര ജെകെവി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Similar Posts