
'തൊഴിലിടത്തിൽ മാനസിക പീഡനം നേരിട്ടു'; ജോളി മധുവിന്‍റെ കത്ത് പുറത്ത്
|ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും ജോളി എഴുതിയ കത്തിൽ വിശദീകരിക്കുന്നുണ്ട്
കൊച്ചി: കൊച്ചിയിൽ മരിച്ച കയർബോർഡ് ജീവനക്കാരി ജോളി മധു മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെക്കുറിച്ച് സംസാരിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ചികിത്സയിലിരിക്കെ ജോളി എഴുതിയ കത്തും പുറത്തുവന്നു. കയർ ബോർഡിനെതിരെ ആരോപണവുമായി മറ്റൊരു ജീവനക്കാരന്‍റെ കുടുംബവും രംഗത്തെത്തി. ജോളിയുടെ മൃതദേഹം ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളിയിൽ സംസ്കരിച്ചു.
ചികിത്സയിലിരിക്കെ ജോളി മേലുദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ക്രമക്കേടുള്ള ഫയൽ മടക്കിയത് കാരണം കയർ ബോർഡ് സെക്രട്ടറി ജിതേന്ദ്ര ശുക്ലയ്ക്ക് തന്നോട് ദേഷ്യമാണെന്നും തനിക്കെതിരെ പ്രതികാര നടപടിയെടുക്കുന്നുവെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
ജോളി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ ദിവസം എഴുതിയ കത്തിലും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. എഴുത്ത് പൂർണമാക്കും മുൻപാണ് ജോളി ബോധരഹിതയായതും പിന്നാലെ ആശ്യപത്രിയിൽ വെച്ച് മരണം സംഭവിച്ചതും. അതേസമയം, കുടുംബത്തിന്‍റെ ആരോപണം ഗൗരവം ഉള്ളതാണെന്നും സത്യസന്ധയായ ഉദ്യോഗസ്ഥയായിരുന്നു ജോളിയെന്നും കയർ ബോർഡ് മുൻ ചെയർമാൻ പ്രതികരിച്ചു.
തലയിലെ ആന്തരിക രക്തസ്രാവം മൂലം കഴിഞ്ഞ തിങ്കളാഴ്ചയാണ് ജോളി മരിക്കുന്നത്. ജോളിയുടെ മരണത്തിന് പിന്നിൽ കയർ ബോർഡിലെ മാനസിക പീഡനം ആണെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ അന്വേഷണം തുടരുകയാണ്. അതിനിടെ കയർ ബോർഡിനെതിരെ ആരോപണവുമായി സി.പി സുനിൽകുമാർ എന്ന ജീവനക്കാരന്‍റെ കുടുംബവും രംഗത്തെത്തി. രോഗിയായ അച്ഛനെ മെഡിക്കൽ റിപ്പോർട്ട് പരിഗണിക്കാതെ പശ്ചിമ ബംഗാളിലേക്ക് സ്ഥലം മാറ്റിയെന്നും മെഡിക്കൽ ലീവിനുള്ള വേതനം നൽകിയില്ലെന്നുമാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് കയർ ബോർഡ് കൊച്ചി ഓഫീസിലേക്ക് സെൻട്രൽ ഗവ. എംപ്ലോയീസ് യൂണിയൻ മാർച്ച് നടത്തി.