< Back
Kerala
പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം; മുന്നണിമാറ്റ വാർത്തകൾ തള്ളി ജോസ് കെ മാണി
Kerala

'പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം'; മുന്നണിമാറ്റ വാർത്തകൾ തള്ളി ജോസ് കെ മാണി

Web Desk
|
13 Jan 2026 3:31 PM IST

മുന്നണി മാറ്റത്തെ ചൊല്ലി കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു

കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നുവെന്ന വാർത്തകള്‍ തള്ളി ജോസ് കെ മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമെന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. വിദേശത്ത് ആയതിനാൽ ഇന്നലത്തെ സമരത്തിൽ പങ്കെടുക്കാനാകില്ലെന്ന വിവരം മുന്നണി നേതാക്കളെ അറിയിച്ചിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കേരള കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ജോസ് കെ മാണി ഫേസ്ബുക് പോസ്റ്റിൽ പ്രതികരിച്ചു.

അതേസമയം, മുന്നണി മാറ്റത്തെ ചൊല്ലി കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ജോസ് കെ മാണിയും മൂന്ന് എംഎൽഎമാരും യുഡിഎഫിലേക്ക് ചേക്കേറാമെന്ന നിലപാടിൽ തുടരുമ്പോൾ മുന്നണി മാറ്റ ചർച്ചകൾ തള്ളി റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും രംഗത്തെത്തി. ഇരുവിഭാഗവും നിലപാടിലുറച്ചു നിന്നാൽ പാർട്ടിയിൽ പിളർപ്പിന് സാധ്യതയെന്നും സൂചനകൾ. ഈ മാസം 16ന് ചേരുന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം നിർണായകമാകും.

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ ചർച്ചകൾക്ക് വേഗം കൂട്ടുന്നത്. കത്തോലിക്കാ സഭയുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലുകളും നിർണായകമായി. മന്ത്രി റോഷി അഗസ്റ്റിന്റെ വീട്ടിൽ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ മൂന്ന് എംഎൽഎമാർ മുന്നണി മാറ്റത്തെ അനുകൂലിച്ചു. റോഷി അഗസിനും പ്രമോദ് നാരായണനും എതിർത്തു. ജോസ് കെ മാണിയുടെ മനസും യുഡിഎഫിനൊപ്പമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 16 ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ അന്തിമ തീരുമാനം എന്ന് ധാരണ. എൽഡിഎഫ് യോഗത്തിലെയും മുന്നണിയുടെ കേന്ദ്രവിരുദ്ധ ധർണയിലെയും ജോസ് കെ മാണിയുടെ അസാന്നിധ്യം ചർച്ചയായിതിന് പിന്നാലെയാണ് മുന്നണിമാറ്റ ചർച്ചകൾ സജീവമായത്.

Similar Posts