< Back
Kerala
jose k mani mani c kappan verbal fight over pala
Kerala

പാലായില്‍ വികസനമില്ലെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റത്തിന് ജോസ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടെന്ന് മാണി സി. കാപ്പന്‍

Web Desk
|
9 Feb 2026 3:25 PM IST

കെ.എം മാണി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാലായില്‍ നടന്നതെന്ന് ജോസ് കെ. മാണി ആരോപിച്ചു

കോട്ടയം: പാലായിലെ വികസനത്തിന്റെ പേരില്‍ ജോസ് കെ.മാണിയും മാണി സി.കാപ്പന്‍ എംഎംഎല്‍യും തമ്മില്‍ വാക്‌പോര്. കെ.എം മാണി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാലായില്‍ നടന്നതെന്നും ജില്ലാ വികസന അവലോകന യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുക്കുന്നില്ലെന്നും ജോസ് കെ. മാണി ആരോപിച്ചു. എന്നാല്‍, വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ. മാണിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി സി. കാപ്പന്‍ മറുപടി നല്‍കി. ജോസ് കെ. മാണി മുന്നണി മാറുന്നതിന് കോണ്‍ഗ്രസ് നേതാക്കളെ കണ്ടതായും കാപ്പന്‍ ആരോപിച്ചു.

പാലായെ ലോകത്തുള്ള മലയാളികളുടെ ഹൃദയത്തിലേക്ക് എത്തിച്ചത് കെ.എം മാണിയാണെന്ന് ജോസ് കെ. മാണി പറഞ്ഞു. പാലാ വികസനം ഒരു മാതൃകയായി നിന്നിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൂണ്ടിക്കാണിക്കാന്‍ പ്രാദേശികമായ ഒരു പദ്ധതിയെങ്കിലും ജനപ്രതിനിധിക്കുണ്ടോ എന്ന് പരിശോധിക്കണം. വികസന സമിതി യോഗം കൂടുമ്പോള്‍ ഒരു പ്രാവശ്യമെങ്കിലും എംഎല്‍എ പോയിട്ടുണ്ടോയെന്നും ജോസ് കെ. മാണി ചോദിച്ചു.

അതേസമയം, പാലായിലെ ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്നും അവര്‍ക്ക് കാര്യങ്ങളെ കുറിച്ച് നല്ല വിവരമുണ്ടെന്നും മാണി സി. കാപ്പന്‍ മറുപടി നല്‍കി. ഒരു പ്രാവശ്യം കൂടി മത്സരിച്ചാല്‍ ഒരു പ്രാവശ്യം കൂടി തോല്‍ക്കുമെന്ന് ജോസ് കെ. മാണിക്ക് വ്യക്തമായിട്ട് അറിയാം. ആ ഭയത്തില്‍ നിന്ന് വന്ന കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. മുന്നണിമാറ്റത്തിനായി ജോസ് കെ. മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. ഏതൊക്കെ നേതാക്കളെയാണ് കണ്ടതെന്ന് തനിക്കറിയാം. ഇപ്പോള്‍ അത് പറയുന്നില്ല. ഇക്കാര്യം നിഷേധിക്കാന്‍ ജോസ് കെ. മാണി തയാറാണോയെന്നും മാണി സി. കാപ്പന്‍ ചോദിച്ചു.

Similar Posts