< Back
Kerala
ജോസഫൈന്റെ മൃതദേഹം വിദ്യാർഥികളുടെ പഠനത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും
Kerala

ജോസഫൈന്റെ മൃതദേഹം വിദ്യാർഥികളുടെ പഠനത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും

Web Desk
|
10 April 2022 3:30 PM IST

ഇന്ന് ഉച്ചയോടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എം.സി ജോസഫൈൻ അന്തരിച്ചത്.

കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് എം.സി ജോസഫൈന്റെ മൃതദേഹം വിദ്യാർഥികളുടെ പഠനത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും എകെജി ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കും. തുടർന്ന് വിലാപയാത്രയായി മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോവും.

രാത്രിയോടെ മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ ഏഴ് മുതൽ എട്ട് വരെ അങ്കമാലി ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. എട്ട് മുതൽ രണ്ടുവരെ അങ്കമാലി സിഎസ്എ ഹാളിലെ പൊതുദർശനത്തിന് ശേഷം രണ്ടുമണിക്ക് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും.

ഇന്ന് ഉച്ചയോടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എം.സി ജോസഫൈൻ അന്തരിച്ചത്. ശനിയാഴ്ച രാത്രി പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Related Tags :
Similar Posts