
'ജോഷി ചതിച്ചാശാനേ...' : ജനങ്ങളെ പറഞ്ഞു പറ്റിച്ച ആ നുണക്ക് 35 വർഷം
|കോട്ടയം കുഞ്ഞച്ചനിറങ്ങിയത് 1990 ൽ
കോഴിക്കോട്: ഡ്രൈവിങ് സ്‌കൂൾ ഉദ്ഘാടനത്തിന് മോഹൻലാൽ വരും എന്നു പറഞ്ഞിട്ട് കൃഷ്ണൻകുട്ടി നായരെ കൊണ്ടുവന്നപ്പോൾ കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടി പറയുന്ന 'ജോഷി ചതിച്ചാശാനേ...' എന്ന സംഭാഷണം മലയാളികളുടെ നാവിൻ തുമ്പിലെത്തിയിട്ട് 35 വർഷമായി. ആരെയെങ്കിലും പറഞ്ഞു പറ്റിക്കാൻ നമ്മളെല്ലാം ഇപ്പോഴും ഈ സംഭാഷണം ഉപയോഗിക്കാറുണ്ട്. റി റിലീസ് യുഗത്തിൽ മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതും 'കുഞ്ഞച്ചൻ ചേട്ടനെ' ബിഗ് സ്‌ക്രീനിൽ കാണാൻ തന്നെയാണ്.
കൈമുട്ടിന് മുകളിൽ മടക്കിവെച്ച സിൽക്ക് ജുബ്ബയും കൂളിങ് ഗ്ലാസുമായി വെറൈറ്റി ഗെറ്റപ്പിൽ മമ്മൂട്ടി എത്തിയ കോട്ടയം കുഞ്ഞച്ചൻ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നാണ്. ചിത്രത്തിലെ നിരവധി രംഗങ്ങൾ പ്രസിദ്ധമെങ്കിലും ഏതൊരാളും ഓർത്തിരിക്കുന്നത് 'ജോഷി ചതിച്ചാശാനേ...' എന്ന രംഗം തന്നെ.
മുട്ടത്തുവർക്കിയുടെ വേലി എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഡെന്നീസ് ജോസഫ് തിരക്കഥ രചിച്ച സിനിമ സംവിധാനം ചെയ്തത് ടി.എസ്.സുരേഷ് ബാബുവാണ്. എം.മാണിയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. മമ്മൂട്ടി, രഞ്ജിനി, ഇന്നസെന്റ്, കെ.പി.എ.സി. ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ സുകുമാരൻ, ബാബു ആന്റണി, പ്രതാപചന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 1990 മാർച്ച് 15 ന് റിലീസ് ചെയ്ത ചിത്രം അരോമ മൂവീസ് ആണ് വിതരണം ചെയ്തത്.