< Back
Kerala
സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രരെ നിർത്തുമെന്ന് ജെആർപി; ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി സി.കെ ജാനു
Kerala

സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രരെ നിർത്തുമെന്ന് ജെആർപി; ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി സി.കെ ജാനു

Web Desk
|
7 Feb 2026 5:10 PM IST

ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരമാണെന്ന് സി.കെ ജാനു

വയനാട്: നിയമസഭയിലേക്ക് രണ്ട് സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുമെന്ന് യുഡിഎഫ് ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി. മാനന്തവാടിയിൽ സി.കെ ജാനു മത്സരിക്കുമെന്നും നേതാക്കൾ പറഞ്ഞു. സുൽത്താൻ ബത്തേരിയിലും പാർട്ടി മത്സരിക്കുമെന്നുമാണ് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.

സി.കെ ജാനുവിന്റെ അറിവോട് കൂടിയാണ് തീരുമാനം എടുത്തതെന്നും നേതൃത്വം വ്യക്തമാക്കി. ജാനുവിന്റെ പാർട്ടിക്ക് സീറ്റ് ഉണ്ടാവില്ലെന്ന് വി.ഡി സതീശൻ അറിയിച്ചതിനെ തുടർന്നാണ് നേതാക്കളുടെ പ്രതികരണം.

അതേസമയം, ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി സി.കെ ജാനു രംഗത്തെത്തി. ബത്തേരി, മാനന്തവാടി സീറ്റുകൾ കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല. ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരമാണെന്നും ജാനു പ്രതികരിച്ചു. 'സോസിയേറ്റ് അംഗമായി വന്ന പി.വി അൻവറിന് സീറ്റ് കൊടുത്തപ്പോൾ ആദ്യഘട്ടത്തിൽ ജെആർപിക്ക് സീറ്റ് കിട്ടിയില്ല. ഈ വികാരമാണ് പ്രാദേശിക നേതൃത്വം പ്രകടിപ്പിച്ചത്. യുഡിഎഫുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. മാനന്തവാടി സീറ്റ് ലഭിച്ചാൽ മത്സരിക്കും' എന്ന് സി.കെ ജാനു പറഞ്ഞു.

Related Tags :
Similar Posts