< Back
Kerala
JS Akhil speech in Sahas Yathra
Kerala

കോൺഗ്രസ് നേതാക്കൾക്കുണ്ടായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് യുവ എംഎൽഎയെ മാറ്റി നിർത്തിയത്: അഡ്വ. ജെ.എസ് അഖിൽ

Web Desk
|
19 Sept 2025 8:01 PM IST

പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനം എല്ലാവരും അം​ഗീകരിക്കണമെന്നും അഖിൽ പറഞ്ഞു.

തിരുവനന്തപുരം: കോൺഗ്രസിന്റെ യുവ എംഎൽഎക്ക് എതിരെ ആരോപണം ഉയർന്നപ്പോൾ നേതാക്കൾക്കുണ്ടായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മാറ്റിനിർത്തിയതെന്ന് കെപിസിസി അംഗം ജെ.എസ് അഖിൽ. കരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാക്കളായ പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും യുഡിഎഫ് കൺവീനറും എഐസസിയുടെ സംഘടനാ ജനറൽ സെക്രട്ടറിയും മുൻ കെപിസിസി പ്രസിഡന്റുമാരുമൊക്കെ ചേർന്ന് ഒറ്റക്കെട്ടായി ഒരേസ്വരത്തിലാണ് തീരുമാനം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന സാഹസ് യാത്രക്ക് കഴക്കൂട്ടത്ത് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഖിൽ.

ഇടത് ഭരണത്തിൽ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ വർധിക്കുകയാണ് ചെയ്തത്. 2025ൽ ഇതുവരെ 11,036 സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 2025 ജൂലൈ വരെ 2811 പോക്‌സോ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും ഇതിനെയൊക്കെ വെറും ഒറ്റപ്പെട്ട സംഭവങ്ങൾ ആക്കി മാറ്റാനാണ് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി ശ്രമിക്കുന്നത്. സഭയിൽ ഇരിക്കുന്ന ഒരു സിപിഎം എംഎൽഎക്കെതിരെ സ്ത്രീ പീഡന പരാതി രജിസ്റ്റർ ചെയ്യുകയും, അത് അന്വേഷിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അയാൾക്കെതിരെ ചെറുവിരലനക്കാൻ സിപിഎമ്മോ എൽഡിഎഫ് നേതൃത്വമോ തയാറല്ല.

ഓരോ അസംബ്ലി തെരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം ഉയർത്തിക്കൊണ്ടുവരുന്ന വി.ഡി സതീശൻ എന്ന പോരാളിയോട് സിപിഎമ്മിന് പകയുണ്ടാകാം, സഭക്കുള്ളിൽ അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയനെയും ഭരണപക്ഷ ബെഞ്ചിനെയും വിറപ്പിക്കുന്ന പ്രതിപക്ഷ നേതാവിനെയും സിപിഎം ഭയക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഈ വിഷയത്തെ മുൻനിർത്തി കോൺഗ്രസ് പാർട്ടിയുടെ പേരുകളിൽ ഫേക്ക് ഐഡികൾ ഉണ്ടാക്കി അതിലൂടെ പ്രതിപക്ഷ നേതാവിനെതിരെ പോസ്റ്റുകളും കമന്റുകളുമിട്ട് കോൺഗ്രസിനകത്ത് പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തുന്ന തരത്തിൽ സിപിഎം ബോധപൂർവം നടത്തുന്ന സൈബർ ബുള്ളിങ്ങിൽ കോൺഗ്രസ് പ്രവർത്തകർ അറിഞ്ഞോ അറിയാതെയോ ഭാഗമാവുന്നു എന്നും അഖിൽ പറഞ്ഞു.

കോൺഗ്രസ് ഒരു തീരുമാനമെടുത്തിട്ടുണ്ട് അത് പാർട്ടി എടുത്ത തീരുമാനമാണ് എല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ആ തീരുമാനത്തെ അംഗീകരിക്കാനും, അനുസരിക്കാനും അച്ചടക്കമുള്ള ഓരോ പാർട്ടി പ്രവർത്തകനും തയ്യാറാകണം, മുറിവിൽ കുത്തി കുത്തി വ്രണമാക്കാൻ അല്ല ശ്രമിക്കേണ്ടത്, മുറിവുണങ്ങാനുള്ള സമയം നൽകണം. അതിന് കൃത്യമായ മരുന്നുകൾ നൽകണം. 2026ൽ മേയ് മാസത്തിൽ കേരളത്തിൽ ഒരു കോൺഗ്രസിന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരം എൽക്കണം എന്നതാവണം കോൺഗ്രസ് പ്രവർത്തകരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts