< Back
Kerala
കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭ അംഗീകാരം; 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി
Kerala

കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭ അംഗീകാരം; 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി

Web Desk
|
24 Sept 2025 1:10 PM IST

എച്ച്എംടി ലിമിറ്റഡിന്‍റെ കൈവശമുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്

കൊച്ചി: കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭ അംഗീകാരം. 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി. എച്ച്എംടി ലിമിറ്റഡിന്‍റെ കൈവശമുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

സംസ്ഥാനത്തെ സര്‍വകലാശാല ആക്ടുകളില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേര്‍ക്കുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടാൽ ഏഴു ദിവസത്തിനകം യോഗം ചേരണം. സര്‍വകലാശാല ചട്ടങ്ങൾ പ്രകാരം യോഗം വിളിച്ചു ചേർത്താൽ മതിയെന്നാണ് നിലവിലെ നിയമം. രാജ്ഭവനുമായി അടുത്ത ബന്ധം പുലർത്തുന്ന വിസിമാർ സിൻഡിക്കേറ്റ് യോഗം വിളിക്കാതിരിക്കുന്നതിനിടയിലാണ് ചട്ടഭേദഗതി.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടുകളിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാര്‍ക്ക് കൂടി 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിന്‍റെ ആനുകൂല്യം ബാധകമാക്കും. കെ സി സി പി ലിമിറ്റഡിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പള പരിഷ്ക്കരണത്തിനുള്ള ദീര്‍ഘകാല കരാര്‍ 01/01/2017 പ്രാബല്യത്തില്‍ നടപ്പാക്കും. എംപ്ലോയറുടെ ഇപിഎഫ് വിഹിതത്തിന്‍റെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരും.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിലെ മാനേജീരിയില്‍ വിഭാഗം ജീവനക്കാരുടെ 01/10/2013 മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള ശമ്പള പരിഷ്ക്കരണം നടപ്പാക്കും.

ജലസേചന വകുപ്പിലെ ഇന്‍റര്‍സ്റ്റേറ്റ് വാട്ടര്‍ വിങ്ങില്‍ ഉപദേഷ്ടാവായി കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റി ബോര്‍ഡ് ലിമറ്റഡ് ചീഫ് എഞ്ചിനിയറായി വിരമിച്ച ജെയിംസ് വില്‍സണെ രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമിക്കാനും തീരുമാനിച്ചു.

Similar Posts