< Back
Kerala
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ പരിഗണനാവിഷയങ്ങളില്‍ നിന്ന് പൊലീസ് കേസുകള്‍ ഒഴിവാക്കി
Kerala

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ പരിഗണനാവിഷയങ്ങളില്‍ നിന്ന് പൊലീസ് കേസുകള്‍ ഒഴിവാക്കി

Web Desk
|
24 Dec 2021 9:45 AM IST

പൊലീസ് സംരക്ഷണവും പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഉള്ള ഹരജികൾ ജസ്റ്റിസ് അനു ശിവരാമൻ ആയിരിക്കും ഇനി പരിഗണിക്കുക

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരിഗണനാവിഷയങ്ങളിൽ നിന്ന് പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ചുള്ള കേസുകൾ ഒഴിവാക്കി. പൊലീസ് സംരക്ഷണവും പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഉള്ള ഹരജികൾ ജസ്റ്റിസ് അനു ശിവരാമൻ ആയിരിക്കും ഇനി പരിഗണിക്കുക.

ഭൂമി ഏറ്റെടുക്കലും ആർബിട്രേഷനുമായി ബന്ധപ്പെട്ട കേസുകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടർന്നും പരിഗണിക്കും. ഹൈക്കോടതിയുടെ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങൾ മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടപെടലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

നോക്കുകൂലി ആവശ്യപ്പെടുന്നവരിൽ നിന്ന് പൊലീസ് സംരക്ഷണം തേടിയുള്ള ഹരജികളില്‍ നോക്കുകൂലിക്കെതിരെ കർശന നടപടിയെടുക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. മോൻസൺ മാവുങ്കൽ കേസ്, പിങ്ക് പോലീസ് കേസ്, തെന്മലയിലെ പൊലീസ് അതിക്രമം തുടങ്ങിയ കേസുകളിൽ പൊലീസിനെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. കോടതിയുടെ തുടർച്ചയായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിപി ഉന്നതതലയോഗം വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന ഹൈക്കോടതി ഉത്തരവും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെതായിരുന്നു.

Similar Posts