< Back
Kerala
എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി
Kerala

എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി

Web Desk
|
16 Nov 2025 12:30 PM IST

പതിനാറ് സ്ഥാനാര്‍ഥികളില്‍ പതിനഞ്ചുപേരും പുതുമുഖങ്ങളാണ്

കണ്ണൂർ: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. പിണറായി ഡിവിഷനിൽ നിന്നാണ് അനുശ്രീ മത്സരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. സിപിഎമ്മിന്റെ പതിനാറ് സ്ഥാനാര്‍ഥികളില്‍ പതിനഞ്ചു പേരും പുതുമുഖങ്ങളാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ആകും മുമ്പ് കണ്ണൂ‍ർ ജില്ലാ പ്രസിഡൻ്റായിരുന്നു.

നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിക്കും മുൻ പ്രസിഡൻ്റ് പി.പി. ദിവ്യക്കും സീറ്റ് നൽകിയിരുന്നില്ല. യാത്രയയപ്പ് സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബുവിന്റെ മരണം. തുടർന്ന് സിപിഎം പ്രതിരോധത്തിലാകുകയും ദിവ്യക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമടക്കം നഷ്ടമാവുകയും ചെയ്തു.

നിലവിലെ വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ വീണ്ടും ജനവിധി തേടും. പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് സ്ഥാനാര്‍ഥി.

പെരളശേരി ഡിവിഷനിൽ നിന്നാണ് ബിനോയ് ജനവിധി തേടുന്നത്. സിപിഐക്ക് മൂന്നും, മറ്റ് ആറ് ഘടകകക്ഷികൾക്ക് ഓരോ സീറ്റും വീതമാണ് എൽഡിഎഫ് നൽകിയിട്ടുള്ളത്. എസ്എഫ്‌ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും.

Related Tags :
Similar Posts