< Back
Kerala
മനസ് തുറക്കാതെ കെ. ബാബു; തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നതിൽ അവ്യക്തത
Kerala

മനസ് തുറക്കാതെ കെ. ബാബു; തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നതിൽ അവ്യക്തത

Web Desk
|
13 Jan 2026 7:38 AM IST

രമേശ് പിഷാരടി, രാജു.പി നായർ എന്നിവർ പരിഗണനയിൽ

കൊച്ചി: തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎല്‍എ കെ.ബാബു മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായില്ല. കൊച്ചി മേയർ സ്ഥാനമൊഴിഞ്ഞ അ‍ഡ്വ. എം.അനിൽ കുമാറിനെയാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ച ബിജെപിക്കും മണ്ഡലത്തില്‍ നല്ല സ്വാധീനമുമുണ്ട്.

പഴയതുപോലെ സജീവമല്ലാത്ത സിറ്റിംഗ് എംഎല്‍എ കെ.ബാബു തുടരുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നില്ല. ബാബുവിന്റെ മനസ് കൂടി അറിഞ്ഞ് തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കെ.ബാബു ആഗ്രഹിക്കുന്നെങ്കില്‍ അദ്ദേഹം തന്നെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകും. അല്ലാത്ത പക്ഷം കെപിസിസി വൈസ് പ്രസിഡണ്ട് എം.ലിജു, നടന്‍ രമേശ് പിഷാരടി, കെപിസിസി വക്താവ് രാജു പി നായര്‍ എന്നിവരെ പരിഗണിച്ചേക്കും. കൊച്ചി മേയറായിരുന്ന അഡ്വ. എം അനില്‍കുമാറിനെയാണ് സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ നിസാര വോട്ടുകൾക്ക് പരാജയപ്പെട്ട എം.സ്വരാജ് വീണ്ടും മത്സരിക്കാനുള്ള സാധ്യതയും സിപിഎം തള്ളുന്നില്ല. ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് ബിജെപിയുടെ ശ്രമം.

കൊച്ചി കോര്‍പറേഷന്റെ ഒമ്പത് ഡിവിഷനുകളും തൃപ്പൂണിത്തുറ, മരട് നഗരസഭകളും രണ്ട് പഞ്ചായത്തുകളും ചേര്‍ന്നതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം. എൽഡിഎഫും യുഡിഎഫും തുല്യശക്തികളായ മണ്ഡലത്തില്‍ സമീപകാലത്തായി ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മരട് നഗരസഭയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് ഭരിച്ചിരുന്ന തൃപ്പൂണിത്തുറ നഗരസഭ ബിജെപി പിടിച്ചു. വര്‍ഗീയധ്രുവീകരണമുണ്ടായെന്നാണ് കോണ്‍ഗ്രസും സിപിഎമ്മും വിലയിരുത്തുന്നത്.


Similar Posts