< Back
Kerala
കെ.എസ്.ഇ.ബി ചെയർമാൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പിന്തുണച്ച് മന്ത്രി
Kerala

'കെ.എസ്.ഇ.ബി ചെയർമാൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല'; പിന്തുണച്ച് മന്ത്രി

Web Desk
|
15 Feb 2022 11:56 AM IST

എം.എം മണിയെ ആരും കുറ്റം പറഞ്ഞിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു

കെ.എസ്.ഇ.ബി ചെയർമാന്‍ ബി.അശോകിനെ പിന്തുണച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മൂന്നാറിലെ ഭൂമി കൈമാറിയത് ബോർഡ് അറിയാതെയാണ്. അക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാറിനെതിരെ അശോക് ഒന്നും പറഞ്ഞിട്ടില്ല. അശോക് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതിയില്ലെന്നും മന്ത്രി പറഞ്ഞു. എം.എം മണിയെ ആരും കുറ്റം പറഞ്ഞിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ബി.അശോകിന്‍റെ പ്രധാന ആക്ഷേപം. 'കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാർ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടിൽ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമര്‍ശം.

സർക്കാരിന്‍റെ മുൻകൂർ അനുമതി തേടാതെയാണ് 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി. വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പൊലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയർമാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

അതേസമയം, അശോകിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും നിലവിലെ വൈദ്യുത മന്ത്രി കൃഷ്ണൻ കുട്ടി ചെയർമാനെക്കൊണ്ട് പറയിച്ചതാണോ എന്ന് അന്വേഷിക്കണമെന്നുമാണ് എം.എം മണിയുടെ പ്രതികരണം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും സി.പി.എം സംസ്ഥാന സമിതി അംഗം കൂടിയായ എം.എം മണി പറഞ്ഞു.

തന്റെ കാലത്ത് പ്രതിസന്ധിയില്ലാതെ വൈദ്യുതി ബോർഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ വൈദ്യുതി ഭവനിൽ സുരക്ഷാ സേനയെ നിയോഗിക്കേണ്ട നിലയിലെത്തിയിരിക്കുന്നു. നാലരവർഷമാണ് ഞാൻ മന്ത്രിയായത്. അത് കെ.എസ്.ഇ.ബിയുടെ സുവർണ കാലമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, താൻ പറയാത്ത കാര്യങ്ങളാണ് പത്രവാർത്തയായി വന്നതെന്ന വിശദീകരണവുമായാണ് കെ.എസ്.ഇ.ബി ചെയർമാന്‍ രംഗത്ത് വരുന്നത്. മുൻ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നെന്ന് പറഞ്ഞിട്ടില്ല. മൂന്നാറിലെ ഭൂമി പതിച്ചതായി പറഞ്ഞിട്ടില്ലെന്നും മൂന്നാം കക്ഷിക്ക് കൈമാറുമ്പോൾ നടപടിക്രമം പാലിച്ചില്ല എന്നേ പറഞ്ഞുള്ളൂ എന്നുമാണ് അദ്ദേഹത്തിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

Similar Posts