< Back
Kerala
ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ചിരിച്ച് വര്‍ത്തമാനം പറഞ്ഞ്, മൂന്നിലെത്തിയപ്പോള്‍ പെട്ടന്ന് കഴുത്ത് ഉളുക്കിയതെങ്ങനെ?; വീണാ ജോര്‍ജിനെതിരെ കെ.മുരളീധരന്‍
Kerala

'ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ചിരിച്ച് വര്‍ത്തമാനം പറഞ്ഞ്, മൂന്നിലെത്തിയപ്പോള്‍ പെട്ടന്ന് കഴുത്ത് ഉളുക്കിയതെങ്ങനെ?'; വീണാ ജോര്‍ജിനെതിരെ കെ.മുരളീധരന്‍

Web Desk
|
26 Feb 2026 10:54 AM IST

മന്ത്രിയുടേത് അഭിനയമാണോ എന്ന് ജനം വിലയിരുത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

കണ്ണൂർ: റെയിൽവേസ്റ്റേഷനിൽ ആക്രമണം നടത്തിയത് മന്ത്രി വീണാ ജോർജാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മന്ത്രിയെ പരിയാരത്തേക്ക് മാറ്റിയത് തിരക്കഥയുടെ ഭാഗമാണ്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടട്ടെയെന്നും കെ.മുരളീധരൻ പറഞ്ഞു.

'ഇതുവരെ കണ്ട ദൃശ്യങ്ങളനുസരിച്ച് കെഎസ്‍യു പ്രവർത്തകർ മന്ത്രിയുടെ പരിസരത്ത് പോലും എത്തിയിട്ടില്ല. മന്ത്രിയാണ് അവരെ തല്ലാൻ പോയത്. ജില്ലാ ആശുപത്രിയിൽ നിന്ന് മാറ്റിയത് തിരക്കഥയുടെ ഭാഗം. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ചിരിച്ച് വര്‍ത്തമാനം പറഞ്ഞുപോയ മന്ത്രിക്ക് മൂന്നാമതെത്തിയപ്പോൾ പെട്ടന്ന് എങ്ങനെയാണ് കഴുത്ത് ഉളുക്കിയത്. ഷംസീറിനെ കാണുന്നത് വരെ മന്ത്രിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. സ്പീക്കർ മുഖ്യമന്ത്രിയെ വിളിച്ചപ്പോഴാണ് പെട്ടന്ന് കഴുത്ത് വേദനവന്ന് മന്ത്രിക്ക് അവശത ഉണ്ടാകുന്നത്'. മുരളീധരന്‍ പറഞ്ഞു.

ആരോഗ്യമന്ത്രിയാണ് ആക്രോശിച്ച് കെഎസ്‌യുവിന് നേരെ വന്നതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. പൊലീസുകാർ ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മന്ത്രിയെ പിടിച്ചു. കെഎസ്‌യു പ്രവർത്തകരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായിട്ടില്ല. മന്ത്രിയെ ആരെങ്കിലും സ്പർശിച്ചതായി വീഡിയോയിൽ ഒന്നും ഇല്ല. ഡിസിസി ഓഫീസ് ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണെന്നും കള്ളപ്രചാരണം ആണ് നടക്കുന്നതെന്നും സണ്ണി ജോസഫ് ചോദിച്ചു. മന്ത്രിയുടേത് അഭിനയമാണോ എന്ന് ജനം വിലയിരുത്തുമെന്നും നിയമപരമായി രാഷ്ട്രീയമായും സംഭവത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


Similar Posts