< Back
Kerala
എല്ലാ വിധികളും പൂർണതൃപ്തി ഉണ്ടാവണമെന്നില്ലല്ലോ? നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷകിട്ടി; നടിയെ ആക്രമിച്ച കേസില്‍ കെ.മുരളീധരന്‍
Kerala

'എല്ലാ വിധികളും പൂർണതൃപ്തി ഉണ്ടാവണമെന്നില്ലല്ലോ? നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷകിട്ടി'; നടിയെ ആക്രമിച്ച കേസില്‍ കെ.മുരളീധരന്‍

Web Desk
|
9 Dec 2025 9:27 AM IST

പൂർണമായും നീതി കിട്ടിയില്ലെന്ന് അതിജീവിതക്ക് അഭിപ്രായമുണ്ടെങ്കിൽ അപ്പീൽ പോകാമെന്നും മുരളീധരന്‍ പറഞ്ഞു

തിരുവനന്തപുരം:നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തോന്നൽ ഉണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് കെ.മുരളീധരൻ. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്.ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

'എല്ലാ വിധികളും പൂർണ തൃപ്തിയുണ്ടാകണമെന്നില്ല. അപ്പീലൊക്കെ നടക്കട്ടെ.പൂർണമായും നീതി കിട്ടിയില്ല എന്ന് അതിജീവിതക്ക് അഭിപ്രായമുണ്ടെങ്കിൽ അപ്പീൽ പോകാം. ഇതിനെ രാഷ്ട്രീയമായി കൂട്ടുക്കുഴക്കരുത്.വ്യക്തിപരമായി ഓരോരുരത്തർക്കും ഓരോ ഇഷ്ടമുണ്ടാകും. ബാക്കി കാര്യങ്ങൾ വരട്ടെ.കുറേയൊക്കെ കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടി എന്നാണ് കരുതുന്നത്..'മുരളീധരൻ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. ദിലീപിന് നീതി ലഭ്യമായെന്നും അതിൽ വ്യക്തിപരമായ സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.സർക്കാർ അപ്പീലിനു പോകുന്നതിനെയും അടൂർ പ്രകാശ് പരിഹസിച്ചു. സര്‍ക്കാറിന് മറ്റുപണികളൊന്നുമില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു പരിഹാസം.

എന്നാല്‍ നടിയെ ആക്രമിച്ച് കേസിൽ വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വന്നത് അവസാനവിധി അല്ലെന്നും സതീശൻ പറഞ്ഞു. അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തെയും വി.ഡി സതീശൻ വിമർശിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വിൽപന ചരക്കാക്കി മാറ്റിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.


Similar Posts