< Back
Kerala
വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്, കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കും; കെ.മുരളീധരന്‍

കെ.മുരളീധരന്‍ Photo|facebook

Kerala

'വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്, കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കും'; കെ.മുരളീധരന്‍

Web Desk
|
14 Oct 2025 9:53 AM IST

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ മീഡിയവണിനോട്

തൃശൂര്‍: ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ച് ചെമ്പ് പാളിയാക്കിയത് വിശ്വാസികളെ മുറിവേല്‍പ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. 'വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്. അതിൽ കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പാണ്. അക്കാര്യത്തിൽ പൂർണവിശ്വാസമുണ്ടെന്നും' മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.

'പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അതിന്റെ വഴിക്ക് നടക്കും.വിശ്വാസം സംരക്ഷിക്കണമെന്ന അഭിപ്രായത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സിബിഐ എല്ലാം തികഞ്ഞവരാണ് എന്ന് വിശ്വാസമില്ല. ഇപ്പോള്‍ നടക്കുന്നത് തട്ടിക്കൂട്ട് അന്വേഷണമാണ്.പ്രതിസ്ഥാനത്ത് നിൽക്കുന്നത് സംസ്ഥാന സർക്കാറാണ്. സർക്കാറിന്റെ കീഴിൽ നിൽക്കുന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കുമ്പോൾ സർക്കാർ അനുകൂലമായ റിപ്പോർട്ടേ നല്‍കൂവെന്നും മുരളീധരന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ഇന്നത്തെ ആൾദൈവത്തെ യുഡിഎഫ് കാലത്താണ് കീഴ്ശാന്തി സ്ഥാനത്ത് നിന്ന് ഇറക്കിവിടുന്നത്.ശാന്തിപ്പണി ചെയ്യാൻ ഒരു പരിജ്ഞാനവും ഇല്ലെന്ന് പറഞ്ഞാണ് തന്ത്രി ഇറക്കിവിട്ടത്.ദേവന്റെ സ്വത്ത് സംരക്ഷിക്കണം..അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ കെപിസിസി പ്രഖ്യാപിച്ച വിശ്വാസ സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരംഭിക്കുന്ന നാല് യാത്രകൾ19ന് പന്തളത്ത് സമാപിക്കുന്ന തരത്തിലാണ് പരിപാടി.ഇതിൽ മൂന്ന് യാത്രകളാണ് ഇന്ന് ആരംഭിക്കുന്നത്. പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന ജാഥ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. കാസർകോട് നിന്ന് കെ.മുരളീധരന്‍ നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിർവഹിക്കും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ജാഥ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശാണ് നയിക്കുന്നത്.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയാണ് ജാഥയുടെ ഉദ്ഘാടനം നിർവഹിക്കുക.ബെന്നി ബഹനാൻ നയിക്കുന്ന ജാഥ നാളെ മൂവാറ്റുപുഴയിൽ ദീപ ദാസ് മുൻഷി ഉദ്ഘാടനം ചെയ്യും.

Similar Posts