< Back
Kerala
K Rajan
Kerala

ആര്‍എസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടതു മന്ത്രിമാരെ കിട്ടില്ല: മന്ത്രി കെ.രാജൻ

Web Desk
|
7 Jun 2025 12:00 PM IST

ആർഎസ്എസിന്‍റെ ചിഹ്നങ്ങളെ രാജ്യത്തിന്‍റെ അടയാളങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്

തൃശൂര്‍: മന്ത്രിമാരുടെ മാനസികാവസ്ഥയെ വിമർശിച്ച ഗവർണർക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ. രാജൻ. ആര്‍എസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടതു മന്ത്രിമാരെ കിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആർഎസ്എസിന്‍റെ ചിഹ്നങ്ങളെ രാജ്യത്തിന്‍റെ അടയാളങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവൻ മാറരുതെന്നും മന്ത്രി പ്രതികരിച്ചു.

142 കോടി ജനങ്ങളുടെ മതേതര മനസാണ് മന്ത്രിമാരുടേത്. അതു മനസിലാക്കാൻ ഗുരുമൂർത്തിയുടെ ക്ലാസ് കേട്ടാലോ ആർഎസ്എസിന്‍റെ സ്‌റ്റഡി ക്ലാസ് കേട്ടാലോ മനസിലാകില്ല.മന്ത്രിമാർക്ക് ഭരണഘടനയുടെ മാനസികാവസ്ഥയാണ്. ഗവർണർ -സർക്കാർ പോരല്ല ഇപ്പോൾ വേണ്ടത്. ഭരണഘടനയുടെ ഭാഗമായതിനാൽ ഗവർണറെ മാനിക്കും. പക്ഷേ ഗവർണർ ഉയർത്തിപിടിക്കേണ്ടത് ഭരണഘടനയാണ്. രാജ്ഭവനെ രാഷ്ട്രീയ പരീക്ഷണ ശാലയാക്കാൻ നോക്കണ്ട, ഈ സ്ഥലം വേറെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗവർണർ വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. വർഗീയ വൽക്കരണത്തിന്‍റെ ഉപകരണമായി ഗവർണർമാരെ ഉപയോഗിക്കുകയാണ്. കാവിവൽക്കരണത്തിന് നിരവധി ശ്രമങ്ങൾ നടത്തുന്നു.രാജ്ഭവൻ ഒരു ആർഎസ്എസ് കേന്ദ്രമായി ഉപയോഗിക്കരുത്. ഗവർണറുടെ ആസ്ഥാനം പൊതുസ്ഥലമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Similar Posts