
'ഇടതുപക്ഷം ജാതി നേതാക്കളെയും കപടസന്യാസിമാരെയും ആശ്ലേഷിക്കുന്നു; ഇവര്‍ നാളെ മറുകണ്ടം ചാടില്ലേ?': കെ. സച്ചിദാനന്ദന്‍
|കേരള സാഹിത്യ അക്കാദമിയിലെ നിയമനങ്ങളില്‍ യോഗ്യത മാനദണ്ഡമാക്കുന്നില്ലെന്നും ആത്മകഥയിൽ കുറ്റപ്പെടുത്തൽ
കൊച്ചി: കേരള സാഹിത്യ അക്കാദമിയിലെ നിയമനങ്ങളില്‍ യോഗ്യത മാനദണ്ഡമാക്കുന്നില്ലെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദൻ. കേന്ദ്ര സാഹിത്യ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ച് സാഹിത്യ പരിചയത്തില്‍ ഇന്‍റര്‍വ്യൂ നടത്തിയാണ് സെക്രട്ടറിയെ നിയമിക്കുന്നത്. കേരളത്തില്‍ മറ്റു ജോലികളില്‍ നിന്ന് വിരമിച്ചവരെയാണ് സെക്രട്ടറിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗ്യത അളക്കുന്ന പരീക്ഷയോ അഭിമുഖമോ പോയിട്ട് സാഹിത്യപരിചയം പോലും പ്രശ്നമാക്കുന്നില്ല. സര്‍ക്കാരില്‍ പിടിയോ പാര്‍ട്ടിയില്‍ അംഗത്വമോ ഉണ്ടായിരുന്നാല്‍ മതി. നേരിട്ട് ഇടപെടാതെ തന്നെ സാഹിത്യ അക്കാദമി നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്ന നിലയുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയാണ്. കേരളത്തില്‍ പ്രസിഡൻ്റിനെ സര്‍ക്കാര്‍ നിയമിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ പ്രകാശനം ചെയ്ത സച്ചിദാനന്ദന്റെ ആത്മകഥയായ 'അവിരാമ'ത്തിലാണ് തുറന്നു പറച്ചില്‍.
സാഹിത്യ അക്കാദമി പരിപാടികളില്‍ എംപി, എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ വിളിക്കേണ്ടി വരുന്നു. കേന്ദ്രത്തില്‍ അക്കാദമി അവാര്‍ഡുകള്‍ അക്കാദമി പ്രസിഡൻ്റാണ് നല്‍കുന്നത്. കേരളത്തില്‍ മുഖ്യമന്ത്രിയോ സാംസ്കാരിക മന്ത്രിയോ ആണ് അവാര്‍ഡ് നല്‍കുന്നത്. സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരം ഒരു വയോജനസഹായമായി മാറി. മറ്റു സമ്മാനങ്ങള്‍ കിട്ടാതെ പോയ എഴുപത് കഴിഞ്ഞവര്‍ക്കുള്ളതാണ് ഈ പുരസ്കാരമെന്നും പരിഹാസം.
അക്കാദമി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിഞ്ഞു പോകാന്‍ ശ്രമിച്ചു. ഹിന്ദുത്വവാദികള്‍ മുതലെടുക്കുമെന്ന് പറഞ്ഞപ്പോഴാണ് രാജിവെക്കാതിരുന്നത്. സ്ഥാനം നോക്കാതെ പറയാനുള്ളത് പറയുമെന്ന ഉറപ്പിലുമാണ് തുടര്‍ന്നത്. നായര്‍-ഈഴവ സംഘടനകളെയും കപട സന്യാസികളെയും ആശ്ലേഷിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കഴിയുന്നു. ഇത്തരം സംഘടനകളും വ്യക്തികളും ഇടതുപക്ഷം ക്ഷയിച്ചാല്‍ മറുകണ്ടം ചാടില്ലെന്ന് ഉറപ്പില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
22 അധ്യായങ്ങളിലായി തന്റെ ജീവിത സാഹചര്യങ്ങൾ, സാഹിത്യ-രാഷ്ട്രീയ പരിണാമങ്ങൾ, ഡൽഹിയിലേക്കുള്ള മാറ്റം, യാത്രകൾ, എഴുത്തിന്റെ ആരംഭവും പരിണാമവും, കവിതകൾക്കുപിന്നിലെ അനുഭവങ്ങൾ, തുടങ്ങി പലവിഷയങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട്.