< Back
Kerala
k. satchidanandan
Kerala

സാഹിത്യ അക്കാദമി അധ്യക്ഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നു: കെ.സച്ചിദാനന്ദൻ

Web Desk
|
27 Nov 2024 12:16 PM IST

അനാരോഗ്യം കാരണമാണ് പിൻമാറ്റമെന്ന് വിശദീകരണം

തൃശൂര്‍: സാഹിത്യ അക്കാദമി അധ്യക്ഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നതായി പ്രശസ്ത സാഹിത്യകാരന്‍ കെ.സച്ചിദാനന്ദൻ. അനാരോഗ്യം കാരണമാണ് പിൻമാറ്റമെന്ന് വിശദീകരണം. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളിൽ നിന്ന് ഒഴിയുന്നുവെന്നും വിവിധ പ്രസാധകരുടെ എഡിറ്റർ ചുമതലകളിൽ നിന്ന് പിൻവാങ്ങുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ സച്ചിദാനന്ദന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പു ഒരു താത്കാലികമറവി രോഗത്തിന് ( transient global amnesia) വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പംനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.

ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്‍റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.



Similar Posts