< Back
Kerala
K Sudhakaran
Kerala

ആശാ സമരത്തിനെതിരായ നിലപാട്; ആര്‍. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് കെ.സുധാകരൻ

Web Desk
|
5 April 2025 1:37 PM IST

ചന്ദ്രശേഖരന്‍റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു

കണ്ണൂര്‍: ആശാ സമരത്തിനെതിരെ നിലാപടെടുത്ത ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ചന്ദ്രശേഖരന്‍റെ നിലപാട് പാർട്ടിയുടേതോ ഐഎൻടിയുസിയുടെതോ അല്ലെന്നും ആശമാരുടെ സമരത്തോട് സർക്കാരിന് നിഷ്ക്രിയത്വമാണെന്നും സുധാകരൻ പറഞ്ഞു.

ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നത് പഠിക്കാൻ കമ്മിറ്റി ആകാമെന്ന ചന്ദ്രശേഖരന്‍റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. കമ്മറ്റി വേണം എന്ന നിലപാട് കോൺഗ്രസിന് ഇല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സമരത്തോട് ഐഎൻടിയുസി അനീതി കാണിക്കുന്നതായി ആശമാർ കുറ്റപ്പെടുത്തി.

ഐഎൻടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകൾ സമരത്തോട് അനീതി കാണിച്ചു എന്നാണ് സെക്രട്ടറിയേറ്റ് മെഡിക്കൽ സമരം നടത്തുന്ന ആശ മാരുടെ പൊതുവികാരം. ഓണറേറിയം വർധിപ്പിക്കുന്നത് പഠിക്കാമെന്ന സർക്കാർ നിർദേശം ഐഎൻടിയുസി അടക്കമുള്ള ട്രേഡ് യൂണിയനുകൾ പിന്തുണച്ചത് വഞ്ചനാപര മാണെന്നും സമരക്കാർ കുറ്റപ്പെടുത്തുന്നു.ഉചിതമായ മാർഗം വരുമ്പോൾ അത് സ്വീകരിക്കാൻ ആശമാര്‍ തയ്യാറാകണം എന്നായിരുന്നു ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റിന്‍റെ മറുപടി.

സർക്കാർ നിർദേശമായ പഠനസമിതി എന്ന ആവശ്യത്തെ ഐഎൻടിയുസി പിന്തുണച്ചതിനോട് യോജിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. ആശമാർ ആവശ്യപ്പെട്ട മന്ത്രിതല തുടർചർച്ചയ്ക്ക് വഴിയടഞ്ഞതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് സമരക്കാർ. ഇതിനിടെ രാപകൽ സമരം 55ാം ദിവസവും നിരാഹാരം സമരം 17ാം ദിവസവും തുടരുകയാണ്.



Similar Posts