< Back
Kerala
മത്സരിക്കാനുറച്ച് കെ.സുധാകരൻ; കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങാന്‍ സ്റ്റാഫംഗങ്ങൾക്ക് നിര്‍ദേശം നല്‍കി
Kerala

മത്സരിക്കാനുറച്ച് കെ.സുധാകരൻ; കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങാന്‍ സ്റ്റാഫംഗങ്ങൾക്ക് നിര്‍ദേശം നല്‍കി

Web Desk
|
18 March 2026 11:10 AM IST

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍ഒസി വാങ്ങുന്നത്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന കെപിസിസി-ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കിടെ കെ.സുധാകരന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഡല്‍ഹി കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങാന്‍ കെ.സുധാകരന്‍ നിര്‍ദേശം നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എന്‍ഒസി വാങ്ങുന്നത്. സുധാകരന്റെ സ്റ്റാഫംഗങ്ങള്‍ കേരള ഹൗസിലെത്തി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമുടി കയറവേയാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തരത്തില്‍ സുധാകരന്റെ പുതിയ നീക്കം. സീറ്റ് നല്‍കിയാലല്ലാതെ സുധാകരനെ അനുനയിപ്പിക്കാനാവില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നതായാണ് പുറത്തുവരുന്ന വിവരം. സ്വതന്ത്രനായി കെ.സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ എംപി സുധാകരന്‍ രാജിവെക്കേണ്ടി വരുമെന്നും ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ക്ഷീണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് നേതൃത്വം. ഇളവ് നല്‍കിയാലും ഇല്ലെങ്കിലും കണ്ണൂരില്‍ നിയമസഭാ അങ്കത്തിന് ഇറങ്ങാന്‍ സുധാകരന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ രണ്ട് വരെ കെപിസിസി പ്രസിഡന്റുമാരായ ഷാഫി പറമ്പിലും എ.പി അനില്‍കുമാറും സുധാകരന്റെ ഔദ്യോഗിക വസതിയിലെത്തി സംസാരിച്ചിരുന്നു. വര്‍ക്കിങ് പ്രസിഡന്റുമാരും രമേഷ് ചെന്നിത്തലയും ദീര്‍ഘനേരം സംസാരിച്ചെങ്കിലും മത്സരിക്കുമെന്ന നിലപാടില്‍ ശക്തമായി ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍.

Similar Posts