< Back
Kerala
ഉണ്ടയുണ്ടെങ്കിൽ തോക്കുമുണ്ടാകുമല്ലോ, തോക്കുമായി നടക്കുന്ന പിണറായിയാണോ അതോ ഞാനാണോ മാഫിയ?
Kerala

'ഉണ്ടയുണ്ടെങ്കിൽ തോക്കുമുണ്ടാകുമല്ലോ, തോക്കുമായി നടക്കുന്ന പിണറായിയാണോ അതോ ഞാനാണോ മാഫിയ?'

Web Desk
|
19 Jun 2021 12:07 PM IST

നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് കെ സുധാകരന്‍

തോക്കും വെടിയുണ്ടയുമായി നടക്കുന്ന പിണറായി വിജയനാണോ ഇതുവരെ തോക്ക് ഉപയോഗിക്കാത്ത താനാണോ മാഫിയ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ഇന്നലെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുധാകരന്‍.

"വെടിയുണ്ട ആരില്‍ നിന്നാണ് പിടിച്ചത്? എന്തിനാണ് ഉണ്ട കൊണ്ടുനടന്നത്? ഉണ്ടയുണ്ടെങ്കില്‍ തോക്കുമുണ്ടാകുമല്ലോ. തോക്കുമായി നടക്കുന്ന, വെടിയുണ്ട പേറി നടക്കുന്ന പിണറായി വിജയനാണോ മാഫിയ അതോ ഇതുവരെ ഒരു തോക്കും ഉപയോഗിക്കാത്ത ഞാനാണോ മാഫിയ? വെടിയുണ്ട കണ്ടെടുത്ത കേസിൽ കോടതിയിൽ നിന്ന് പിണറായിക്ക് തിരിച്ചടി കിട്ടിയതാണ്. ജനം വിലയിരുത്തട്ടെ, ഈ നാട് വിലയിരുത്തട്ടെ". നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

'ചവിട്ടി താഴെയിട്ടെന്ന് പറഞ്ഞിട്ടില്ല'

ബ്രണ്ണന്‍ കോളജില്‍ വെച്ച് മുഖ്യമന്ത്രിയെ ചവിട്ടി താഴെയിട്ടെന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. ഓഫ് ദ റെക്കോഡ് എന്ന് അടിവരയിട്ട് പറഞ്ഞ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും കെ സുധാകരന്‍ വിശദീകരിച്ചു- "അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങള്‍ പറഞ്ഞത്‌. സംഭവത്തിന്റെ വിശദീകരണം പേഴ്‌സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ല"- സുധാകരന്‍ പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ഗൂഢാലോചന നടത്തിയെന്ന് ആര് പറഞ്ഞു?

മുഖ്യമന്ത്രിയുടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ഗൂഢാലോചന നടത്തിയെന്ന് ആര് പറഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തനിക്ക് ഫിനാൻഷ്യർ ഉണ്ടായിട്ടില്ല. എന്തുകൊണ്ട് മുഖ്യമന്ത്രി പരാതിപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ ചോദിച്ചു. അവ്യക്തമായ സൂചനകൾ വെച്ച് ആരോപണം ഉന്നയിക്കുന്നത് മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു.

തനിക്ക് വിദേശ കറൻസി ഇടപാട് ഉണ്ടെന്ന് പറയുന്നത് മുഖ്യമന്ത്രി ആണ്. അത് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. സ്വപ്നയെ അറിയില്ലയെന്ന് പറഞ്ഞ പിണറായി വിജയനെ കൊച്ചുകുട്ടികൾ പോലും വിശ്വസിക്കില്ല. വിദേശ കറൻസി ഇടപാടുണ്ടെന്നത് കള്ള പ്രചാരണം മാത്രമാണ്. മണൽ മാഫിയയുമായി ബന്ധം ഉണ്ടെങ്കിൽ അന്വേഷിക്കണം. മണൽ മാഫിയയുമായി എനിക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷിക്കും. ഇത്തരം പ്രചാരണം നടത്താൻ അപാരമായ തൊലിക്കട്ടി വേണമെന്നും സുധാകരന്‍ പറഞ്ഞു.

Similar Posts