< Back
Kerala
K Sudhakaran statement against BJP
Kerala

മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി എസ്എഫ്ഐ അധഃപതിച്ചു: കെ. സുധാകരൻ

Web Desk
|
11 Dec 2024 10:01 PM IST

യൂണിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: കണ്ണൂർ തോട്ടട ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി മർദിച്ച എസ്എഫ്‌ഐ നടപടി കിരാതമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ജനാധിപത്യ സംവിധാനത്തിൽ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവർത്തനം തടസ്സപ്പെടുത്തുന്ന കമ്മ്യൂണിസറ്റ് ഫാസിസത്തിന്റെ തുടർച്ചയാണ് ഈ അക്രമം. ഇത് അംഗീകരിക്കാനാവില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് സമാനമായി എസ്എഫ്‌ഐയുടെ ഇടിമുറി സംസ്‌കാരം കഴിഞ്ഞ ദിവസം കണ്ണൂരിലും അരങ്ങേറി. ഒരു വിദ്യാർഥിയെ ക്രൂരമായാണ് മർദിച്ചത്. ഇതിന് പുറമെയാണ് കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ സ്ഥാപിച്ച കൊടിമരം എസ്എഫ്‌ഐക്കാർ തകർത്തത്. മൂന്നര പതിറ്റാണ്ടിന് ശേഷം എതാനും മാസങ്ങൾക്ക് മുമ്പാണ് ഇവിടെ കെഎസ്‌യു യൂണിറ്റ് സ്ഥാപിച്ചത്. യൂണിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ എസ്എഫ്‌ഐ ശ്രമിക്കുകയാണ്.

അക്രമികൾക്ക് സഹായം ചെയ്യുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. പക്ഷപാതപരമായിട്ടാണ് പൊലീസ് പെരുമാറിയത്. ഐടിഐയിലെ അധ്യാപകരും ഈ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയാണ്. വളർന്നുവരുന്ന തലമുറയിൽ രാഷ്ട്രീയ നേതൃപാടവം വളർത്തുന്നതിന് പകരം അക്രമവാസനയെ പ്രോത്സാഹിക്കിപ്പിക്കുകയാണ് സിപിഎം നേതൃത്വം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ എസ്എഫ്‌ഐക്കാർ ഐടിഐ ക്യാമ്പസിനുള്ളിൽ ക്രൂരമായി മർദിച്ചു.കെഎസ്‌യു സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, അർജുൻ കോറാം, രാഗേഷ് ബാലൻ, ഹരികൃഷ്ണൻ പാളാട് ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കാണ് മർദനത്തിൽ പരിക്കേറ്റത്. കയ്യൂക്കിന്റെ ബലത്തിൽ കായികമായി നേരിട്ട് നിശബ്ദമാക്കാമെന്ന ധാർഷ്ട്യം സിപിഎമ്മും എസ്എഫ്‌ഐയും ഉപേക്ഷിക്കുന്നതാണ് ഉചിതം. അക്രമം കോൺഗ്രസ് ശൈലിയല്ല. ഗത്യന്തരമില്ലാതെ പ്രതിരോധത്തിന്റെ മാർഗം കുട്ടികൾ സ്വീകരിച്ചാൽ അവർക്ക് സംരക്ഷണം ഒരുക്കി കെപിസിസി രംഗത്തുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

Related Tags :
Similar Posts