< Back
Kerala
K Sudhakaran, AK Antony
Kerala

നേതൃമാറ്റ ചർച്ചകൾക്കിടെ എ.കെ ആന്‍റണിയെ സന്ദർശിച്ച് സുധാകരൻ

Web Desk
|
5 May 2025 2:40 PM IST

ആന്‍റണിയെ വീട്ടിലെത്തിയാണ് സുധാകരൻ കണ്ടത്

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചർച്ചകൾക്കിടെ കെ.സുധാകരനെ വീട്ടിലേക്ക് വിളിപ്പിച്ച് എ.കെ ആന്‍റണി. വാർത്തകളിൽ വിഷമം വേണ്ടെന്ന് സുധാകരനോട് ആന്‍റണി പറഞ്ഞു. ആന്‍റണിയുമായി സംസാരിച്ച വിഷയങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സുധാകരൻ പ്രതികരിച്ചു.

അതേസമയം സുധാകരന്‍റെ എതിർപ്പ് മുഖവിലയ്ക്കെടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകാനാണ് ഹൈക്കമാൻഡ് നീക്കം.കെ. സുധാകരനുമായി ഹൈക്കമാൻഡ് ഒരുതവണകൂടി ആശയവിനിമയം നടത്തിയേക്കും. താമസിയാതെ പുതിയ പ്രസിഡന്‍റിനെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിലെ അനിശ്ചിതത്വത്തിൽ അതൃപ്തിയുമായി യൂത്ത് കോൺഗ്രസും രംഗത്ത് എത്തി.

സുധാകരൻ ഇന്നലെ നടത്തിയ പ്രതികരണത്തിൽ ഹൈക്കമാൻ്റിന് കടുത്ത അതൃപ്തിയുണ്ട്. ഡൽഹിയിൽ സമവായത്തിൽ എത്തിയശേഷം കേരളത്തിൽ എത്തി നിലപാട് മാറ്റിയത് എന്തുകൊണ്ട് എന്നത് ഹൈക്കമാൻഡ് പരിശോധിക്കും. അപ്പോഴും സുധാകരനെ നീക്കാനുള്ള തീരുമാനത്തിൽ നിന്നും ഹൈക്കമാൻഡ് പിന്നോട്ടില്ല. കെ.സി വേണുഗോപാൽ സുധാകരനുമായി ടെലഫോണിൽ ആശയവിനിമയം നടത്തും. സുധാകരനെ കൂടി വിശ്വാസത്തിൽ എടുത്തുവെന്ന് ഉറപ്പുവരുത്തിയശേഷം പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.

ആൻ്റോ ആൻ്റണിക്ക് തന്നെയാണ് മുൻഗണന. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നിലവിലെ അനിശ്ചിതത്വത്തിന് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നത് . തീരുമാനം എന്തായാലും വേഗത്തിൽ വേണം. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ് നിലവിലെ അനിശ്ചിതത്വം എന്നും രാഹുൽ അഭിപ്രായപ്പെട്ടു. അതിനിടെ പാലക്കാട് ഡിസിസി ഓഫീസിന് മുന്നിൽ സുധാകരനെ പിന്തുണച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പിണറായിയെ അടിച്ചിടാൻ കെ.സുധാകരൻ മാത്രമേ ഉള്ളൂവെന്നും സുധാകരൻ ഇല്ലെങ്കിൽ സിപിഎം മേഞ്ഞു നടക്കുമെന്നുമാണ് പോസ്റ്ററിൽ ഉള്ളത്.



Similar Posts