< Back
Kerala
പകൽ സിപിഎമ്മും രാത്രി പോപുലർ ഫ്രണ്ടുമാണ് എച്ച്. സലാം എംഎൽഎ: ആരോപണം ആവർത്തിച്ച് കെ.സുരേന്ദ്രൻ
Kerala

പകൽ സിപിഎമ്മും രാത്രി പോപുലർ ഫ്രണ്ടുമാണ് എച്ച്. സലാം എംഎൽഎ: ആരോപണം ആവർത്തിച്ച് കെ.സുരേന്ദ്രൻ

Web Desk
|
25 Dec 2021 7:10 PM IST

ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപ്പാർട്ടികളിലും പോപുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറിയിട്ടുണ്ട്. മുസ്‌ലിം ലീഗിൽ പോപുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് ലീഗ് നേതാവായ എം.കെ മുനീർ ഒരു ദശകം മുമ്പ് പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രൻ.

അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമിനെതിരെ പോപുലർ ഫ്രണ്ട് ബന്ധമാരോപിച്ച് വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്ത്. സിപിഎമ്മിന്റെ മുതിർന്ന നേതാവ് ജി.സുധാകരൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത് മാധ്യമപ്രവർത്തകരെല്ലാം കേട്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

''സിപിഎമ്മിന് അകത്ത് പോപുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറുന്നു എന്നത് പച്ചയായ സത്യമാണ്. പകൽ ഡിവൈഎഫ്‌ഐയും രാത്രി പോപുലർ ഫ്രണ്ടുമാണ് പലയാളുകളും. അക്കൂട്ടത്തിൽപ്പെട്ടയാളാണ് സലാമൊക്കെ. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപ്പാർട്ടികളിലും പോപുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറിയിട്ടുണ്ട്. മുസ്‌ലിം ലീഗിൽ പോപുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് ലീഗ് നേതാവായ എം.കെ മുനീർ ഒരു ദശകം മുമ്പ് പറഞ്ഞിട്ടുണ്ട്''- സുരേന്ദ്രൻ പറഞ്ഞു.

യൂത്ത് കോൺഗ്രസിലും പോപുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറിയിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാസങ്ങളോളും ഒളിവിൽ താമസിച്ചത് മണ്ണഞ്ചേരിയിലാണ്. സ്വന്തം പാർട്ടിക്കാരനെ കൊന്ന പ്രതിയെ പിടിക്കാൻ പോലും ഇടതുപക്ഷത്തിന്റെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എച്ച്.സലാം പോപുലർ ഫ്രണ്ടുകാരനാണെന്ന് സുരേന്ദ്രൻ നേരത്തെയും ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ ഇത് തള്ളിയിരുന്നു. വിദ്യാർഥി കാലം മുതൽ സിപിഎമ്മിനൊപ്പം നിൽക്കുന്ന നേതാവാണ് എച്ച്. സലാമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

Similar Posts