< Back
Kerala
സുരേന്ദ്രനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല; ദേശീയ നേതാക്കളെ കാണാന്‍ അനുമതി
Kerala

സുരേന്ദ്രനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല; ദേശീയ നേതാക്കളെ കാണാന്‍ അനുമതി

Web Desk
|
10 Jun 2021 11:01 AM IST

ഡല്‍ഹിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് നേതാക്കളെ കാണാന്‍ അനുമതി ലഭിച്ചത്

തെരഞ്ഞെടുപ്പ് തോൽവിയും കുഴൽപണ കേസും ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദീകരിക്കാൻ ഡൽഹിയിൽ എത്തിയ കെ സുരേന്ദ്രന് ദേശീയ നേതാക്കളെ കാണാൻ അനുമതി. ഡല്‍ഹിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് നേതാക്കളെ കാണാന്‍ അനുമതി ലഭിച്ചത്. സുരേന്ദ്രൻ ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കാണും. അതേസമയം കുഴൽപണ കേസിൽ ആരോപണ വിധേയനായ സുരേന്ദ്രനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

ഒറ്റക്കെട്ടായി വിഷയത്തെ നേരിടാൻ നിർദേശം നൽകും. ഇപ്പോൾ നടപടി ഉണ്ടായാൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലാകുമെന്ന് വിലയിരുത്തൽ. ആർഎസ്എസിന്റെയും മറ്റ് നേതാക്കളുടെയും അതൃപ്തിയും പരാതികളും പിന്നീട് പരിഗണിക്കും.

സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ പടയൊരുക്കം

തെരഞ്ഞെടുപ്പ് തോൽവിക്കും കുഴൽപ്പണ ആരോപണത്തിനും പിന്നാലെ കെ സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ പടയൊരുക്കം. സുരേന്ദ്രനെ സംരക്ഷിക്കാനാവില്ലെന്ന് കൃഷ്ണദാസ് - ശോഭ സുരേന്ദ്രന്‍ പക്ഷങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചു. സുരേന്ദ്രനും മുരളീധരനും ചേർന്ന് പാര്‍ട്ടിയെ കുടുംബസ്വത്താക്കിയെന്നും നേതാക്കൾ ആരോപിച്ചു.

കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണെന്ന് നേതൃത്വത്തെ അറിയിച്ചു കൊണ്ടാണ് കൃഷ്ണദാസ് - ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. ഇപ്പോഴുള്ള പ്രതിസന്ധി സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ചതാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പല നേതാക്കളെയും ഒഴിവാക്കി പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാനും സാമ്പത്തിക കാര്യങ്ങളിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയാണ് നിയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം നിലവിലെ സാഹചര്യങ്ങൾ ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് സുരേന്ദ്രൻ ഡൽഹിയിൽ തുടരുന്നത്. കൊടകര കള്ളപ്പണ ഇടപാട് കേസ്, മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന ആരോപണം, സി കെ ജാനുവിന് പണം നല്‍കിയന്ന വെളിപ്പെടുത്തല്‍ എന്നിവ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച പരാതിയിലും പാര്‍ട്ടി ആഭ്യന്തര സമിതി അന്വേഷണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതല്ലെന്നും കേന്ദ്രമന്ത്രിമാരെ കാണാനാണ് എത്തിയതെന്നുമാണ് സുരേന്ദ്രന്റെ പ്രതികരണം.

Related Tags :
Similar Posts