< Back
Kerala

Kerala
'നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ?'; 50 രൂപക്ക് പെട്രോൾ കിട്ടുമോയെന്ന ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി
|26 March 2024 5:28 PM IST
വയനാടിന്റെ പ്രശ്‌നങ്ങൾ പൂർണമായും പഠിച്ച് കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് അങ്ങോട്ട് പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം: 50 രൂപക്ക് പെട്രോൾ കിട്ടുമോയെന്ന ചോദ്യം പരിഹസിച്ചു തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. അങ്ങനെ നിരവധി പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്നത്. എ.കെ.ജി സെന്ററിൽനിന്ന് വരുന്ന ക്യാപ്‌സ്യൂളുകൾ മാധ്യമപ്രവർത്തകർ ഏറ്റെടുക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇത് എ.കെ.ജി സെന്ററിൽ നിന്നല്ല താങ്കൾ തന്നെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അതിനെക്കാൾ ഗൗരവമുള്ള എത്ര വിഷയങ്ങളുണ്ട് എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസുകാരും തനിക്കെതിരെ കാപസ്യൂൾ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. വയനാടിന്റെ പ്രശ്‌നങ്ങൾ പൂർണമായും പഠിച്ച് കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് അങ്ങോട്ട് പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.