< Back
Kerala
എട്ടു വർഷം മുമ്പുള്ളത് എങ്ങനെ ഓർക്കാനാണ്?; പോറ്റിയുമൊത്തുള്ള ചിത്രങ്ങളിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
Kerala

'എട്ടു വർഷം മുമ്പുള്ളത് എങ്ങനെ ഓർക്കാനാണ്?'; പോറ്റിയുമൊത്തുള്ള ചിത്രങ്ങളിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Web Desk
|
8 Feb 2026 12:27 PM IST

കുട്ടികൾ ജയിച്ചാൽ വീട്ടിൽ പോയി താൻ സന്തോഷം പ്രകടിപ്പിക്കുമെന്നും കടകംപള്ളി പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതില്‍ വിശദീകരണവുമായി മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു വീട്ടിൽ 10 പ്രാവശ്യം പോയാൽ പോയെന്ന് പറയാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണൻപോറ്റിയുടെ സഹോദരിയുടെ മകൾക്ക് മൊമെൻ്റോ കൊടുക്കുന്ന ചിത്രമാണ് പുറത്തുവന്നത്. കുട്ടികൾ ജയിച്ചാൽ വീട്ടിൽ പോയി താൻ സന്തോഷം പ്രകടിപ്പിക്കും. എട്ടു വർഷത്തിന് മുമ്പ് ഒരു വീട്ടിൽ പോയത് താൻ ഓർത്തു വക്കണോ എന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ മകള്‍ക്ക് റാങ്ക് ലഭിച്ചതിന് പേന സമ്മാനമായി നല്‍കുന്ന ചിത്രമാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. പോറ്റിയുടെ വീട്ടില്‍ ഒരുതവണ മാത്രമേ പോയിട്ടുള്ളു എന്നായിരുന്നു കടകംപള്ളിയുടെ വാദം. പരസ്യമായി ഒരു തവണ മാത്രമാണ് പോറ്റിയുടെ വീട്ടില്‍ പോയതെന്നും ശബരിമലയില്‍ പോയപ്പോഴൊക്കെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടുണ്ടെന്നും കടംപള്ളി പറഞ്ഞിരുന്നു.

അതേസമയം, സ്വർണകൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു. കൂടുതൽ പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും. കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചുവരുത്താനും എസ്ഐടി നീക്കമുണ്ട്. കേസിൽ ആന്റോ ആന്റണി എംപിയെയും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നും പരിശോധിക്കും.

അതിനിടെ, ശബരിമല സ്വർണക്കൊള്ളകേസിൽ എസ്ഐടി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയെ കുറിച്ച് അന്വേഷണസംഘം ചോദിച്ചു. പോറ്റിയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.

Similar Posts