
'ഒരു തവണ വീട്ടിൽ പോയി'; ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് കടകംപള്ളി സുരേന്ദ്രൻ
|അയ്യപ്പന്റെ ഭക്തൻ എന്ന നിലയിലാണ് അന്ന് പോറ്റിയെ കണ്ടിട്ടുള്ളത്, പോറ്റിയിൽ നിന്നും ഒരു ഉപഹാരവും വാങ്ങിയിട്ടില്ലെന്നും കടകംപള്ളി
തിരുവനന്തപുരം: ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017ലാണ് പോറ്റിയുടെ വീട്ടിൽ പോയത്. പൊലീസ് അകമ്പടിയോടെയാണ് പോയതെന്നും പോറ്റിയിൽ നിന്നും ഒരു ഉപഹാരവും വാങ്ങിയിട്ടില്ലെന്നുമാണ് കടകംപള്ളിയുടെ മൊഴി. ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്ക് പോറ്റിയുമായുള്ള ബന്ധം അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ടെന്നും കടകംപള്ളി പ്രതികരിച്ചു.
പോറ്റിയുടെ വീട്ടിലെ ഒരു ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ചടങ്ങിൽ പങ്കെടുത്ത് അവിടെനിന്നും ഭക്ഷണം കഴിച്ച് ശബരിമലയിലേക്ക് പോവുകയായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. ഒരു തവണ മാത്രമാണ് അവിടെ പോയിട്ടുള്ളത്. അയ്യപ്പന്റെ ഭക്തൻ എന്ന നിലയിലാണ് അന്ന് പോറ്റിയെ കണ്ടിട്ടുള്ളത്. പോറ്റിയോ, പോറ്റിയുമായി ബന്ധപ്പെട്ട ആരും തന്നെ തന്റെ മണ്ഡലത്തിൽ ഒരു തരത്തിലുള്ള സ്‌പോൺസർഷിപ്പും നൽകിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
പ്രതിപക്ഷത്തിന് കേസിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തുള്ള എല്ലാവർക്കും അറിയാം മന്ത്രിക്ക് അതിൽ ഒരു തരത്തിലുമുള്ള റോളും ഇല്ലെതെന്നും സുരേന്ദ്രൻ പറഞ്ഞു. എല്ലാക്കാലത്തും അവർക്ക് ഒരു രാഷ്ട്രീയ ഇര വേണം. തന്ത്രിയുടെ കാര്യം വേറെയാണ്. മന്ത്രിയും തന്ത്രിയും രണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ പ്രതിപക്ഷത്തിനുണ്ടെന്നും രാഷ്ട്രീയ പ്രചാരണത്തിന് മന്ത്രിയെ ആയുധമാക്കുകയാണെന്നുമാണ് കടകംപള്ളി പ്രതികരിച്ചത്.
കടകംപള്ളി സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. 2017 മുതൽ പരിചയമുണ്ടെന്നും പോറ്റി മൊഴി നൽകിയിരുന്നു.