< Back
Kerala
കാക്കനാട് ഫ്ളാറ്റിലെ കൊലപാതകം;  കത്തി കണ്ടെത്തിയതായി പൊലീസ്
Kerala

കാക്കനാട് ഫ്ളാറ്റിലെ കൊലപാതകം; കത്തി കണ്ടെത്തിയതായി പൊലീസ്

Web Desk
|
18 Aug 2022 8:29 AM IST

കത്തിയില്‍ രക്തക്കറകൾ

കൊച്ചി: കാക്കനാട് ഫ്‌ളാറ്റിൽ സജീവ് കൃഷ്ണയെ കൊലപ്പെടുത്താൻ ഉപയോഗിച്ചു എന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ അതേ ദിവസം നടത്തിയ പരിശോധനയിലാണ് ഫ്‌ളാറ്റിനുള്ളിൽ നിന്നും കത്തി കണ്ടെത്തിയത്. കത്തിയിൽ രക്തക്കറകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കത്തിയിലെ വിരലടയാളവും ശേഖരിച്ചതായി പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയുടെ കൊലപാതകം പുറത്തറിയുന്നത്. കൊല ചെയ്ത ശേഷം മുങ്ങിയ പ്രതി അർഷാദിനെ ഇന്നലെയാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുന്നത്. ലഹരിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോഴിക്കോട് പയ്യോളി സ്വദേശിയാണ് പ്രതി അർഷാദ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണക്കൊപ്പം താമസിച്ചിരുന്ന അർഷാദ് കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്നു. സജീവിന്റെതലക്കും കഴുത്തിലും നെഞ്ചിലുമുൾപെടെ ഇരുപതിലേറെ മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ളാറ്റിലാണ് സംഭവം. ശരീരമാസകലം കുത്തേറ്റ സജീവൻറെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്‌ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതക ശേഷം പൈപ്പ് ഡെക്റ്റിനിടയിലൂടെ മൃതദേഹം താഴേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ അത് പരാജയപ്പെട്ടു.

രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്‌ളാറ്റിലെ സഹതാമസക്കാർ വന്നുനോക്കുകയായിരുന്നു. ഫ്‌ളാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്‌ളാറ്റ് തുറക്കുകയും ആയിരുന്നു. രക്തക്കറ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് ഡക്റ്റിനിടയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.

അർഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്.

Similar Posts